മ സ്കത്ത്: ഒമാന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വാതിൽ തുറന്ന് ദാഖിലിയ ഗവർണറേറ്റിലെ ‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയം’ സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. മനാ വിലായത്തിലാണ് മ്യൂസിയം. സുൽത്താനേറ്റിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്ന് നൽകുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണ് സുൽത്താൻ ഇന്ന് നാടിന് സമർപ്പിക്കുന്നത്. ഗാലറികൾ, ലൈബ്രറി, ഓഡിറ്റോറിയം, കഫേകൾ, സാമൂഹിക, ഗവേഷണ ഇടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി പ്രദർശനം നടത്താനായി 9,000 ചതുരശ്ര മീറ്റർ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്.
ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്റെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. വിവിധ കാലഘട്ടങ്ങളിലെ രാജവംശങ്ങൾ, നാഗരികതകൾ, ഒമാന്റെ മുന്നേറ്റങ്ങളും നേട്ടങ്ങളും ആളുകൾക്ക് ഇവിടെനിന്നും മനസ്സിലാക്കാനാകും. പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കീഴിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ, സാമൂഹിക നവീകരണം പ്രവർത്തനങ്ങളുടെ നീണ്ട ചരിത്രമാണ് ‘നവോത്ഥാന ഗാലറി’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിവിധ സന്ദർശകർക്ക് ആസ്വാദ്യകരവും വിദ്യാഭ്യാസപരവുമായ മ്യൂസിയം അനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സംവേദനാത്മക ഓഡിയോ-വിഷ്വൽ വിവരണവും ഇവിടെ ഉണ്ടാകും. അന്തരിച്ച മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ രാജകീയ ഉത്തരവിനെ തുടർന്ന് 2015 ജൂലൈ 14നാണ് പദ്ധതിക്ക് തറക്കല്ലിടുന്നത്. കഴിഞ്ഞ വർഷം റോയൽ കോർട്ട് അഫയേഴ്സ് (ആർ.സി.എ) ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിനായി ലോഗോ രൂപകൽപന മത്സരവും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.