മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലുള്ള മന വിലായത്തിലെ ‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയം’ സുൽത്താൻ ഹൈതം ബിൻ താരിഖ് നാടിന് സമർപ്പിച്ചു. മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിനെത്തിയ സുൽത്താന് റോയൽ കോർട്ട് അഫയേഴ്സ് സെക്രട്ടറി ജനറൽ നാസർ ബിൻ ഹമൂദ് അൽ കിന്ദി, മ്യൂസിയം ട്രസ്റ്റി ബോർഡ് ചെയർമാൻ, മ്യൂസിയം പദ്ധതിയുടെ പ്രധാന കമ്മിറ്റി ചെയർമാൻ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് ഊഷ്മള വരവേൽപാണ് നൽകിയത്. മ്യൂസിയത്തിന്റെ തറക്കല്ലിടൽ വേളയിൽ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദ് ഉപയോഗിച്ചിരുന്ന കാറും സുൽത്താൻ നോക്കിക്കണ്ടു. ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തെ കുറിച്ചുള്ള വിഡിയോയും അദ്ദേഹം വീക്ഷിച്ചു.
മ്യൂസിയത്തിന്റെ വാസ്തുവിദ്യാ വശങ്ങളും ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗവുമെല്ലാം വിശദീകരിക്കുന്നതായിരുന്നു വിഡിയോ. മ്യൂസിയത്തിന്റെ പവിലിയനുകളും മറ്റും സുൽത്താൻ സന്ദർശിച്ചു. മ്യൂസിയത്തിലേക്കുള്ള ആദ്യ പ്രവേശന ടിക്കറ്റും സുൽത്താന് വിതരണം ചെയ്തു. ഇത് മ്യൂസിയത്തിന്റെ ശേഖരത്തിൽ സൂക്ഷിക്കാൻ അദ്ദേഹം തിരിച്ചുനൽകി. അൽഹജർ പർവതനിരകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മ്യൂസിയം കെട്ടിടം രൂപകൽപന ചെയ്തതെന്ന് മ്യൂസിയം ഡയറക്ടർ ജനറൽ എൻജിനീയർ അൽ-യക്സാൻ ബിൻ അബ്ദുല്ല അൽ ഹരിതി പറഞ്ഞു. മ്യൂസിയത്തിന്റെ പൂർത്തീകരണത്തിന് നിരന്തരമായ പിന്തുണ നൽകിയ സുൽത്താന് അദ്ദേഹം നന്ദി പറഞ്ഞു.
സുൽത്താനേറ്റിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം പകർന്നുനൽകുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്റെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.
പൊതുജനങ്ങൾക്കുള്ള പ്രവേശനം 18 മുതൽ
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ ദിവസം ഉദ്ഘാടനംചെയ്ത ഒമാൻ അക്രോസ് ഏജസ് മ്യൂസിയം മാർച്ച് 18 മുതൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ അഞ്ചു മുതൽ വൈകീട്ട് അഞ്ചുവരെ പ്രവേശനം അനുവദിക്കും. പ്രധാന ഗേറ്റ്, വിജ്ഞാനകേന്ദ്രം തുടങ്ങിയവ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ തുറക്കും.
റമദാൻ കാലത്ത് ഇത് രാവിലെ 10 മുതൽ രാത്രി ഒമ്പതു വരെയായിരിക്കും. സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും ഒരു റിയാലും പ്രവാസികൾക്ക് രണ്ടു റിയാലുമായിരിക്കും പ്രവേശന ഫീസ്. വിനോദസഞ്ചാരികൾ അഞ്ചു റിയാൽ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.