മസ്കത്ത്: പ്രവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യയിൽനിന്ന് മസ്കത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകൾ കുറയുന്നു. ഒമാൻ എയർ ബുധനാഴ്ച ഇന്ത്യയിലെ വിവിധ സെക്ടറിലേക്ക് സർവിസുകൾ പ്രഖ്യാപിച്ചതോടെയാണിത്.
കോഴിക്കോട്, കൊച്ചി അടക്കം എട്ട് സെക്ടറിലേക്കാണ് ഒമാൻ എയർ അടുത്ത മാസം മുതൽ സർവിസ് നടത്തുക. ബംഗളൂരു, ഗോവ, മുംബൈ, ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവയാണ് സർവിസ് ആരംഭിക്കുന്ന മറ്റു സെക്ടറുകൾ. അതിനിടെ, ബജറ്റ് വിമാന കമ്പനിയായ സലാം എയറും ഒമാൻ എയറും സഹകരണത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചു.
ഇന്ത്യൻ വിമാന കമ്പനികളായ ഗോ എയർ, ഇൻഡിഗോ എന്നിവ സർവിസുകൾ പ്രഖ്യാപിക്കുന്നതോടെ നിരക്കുകൾ ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഒമാൻ എയർ സർവിസുകൾ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നിരക്കുകൾ കുറച്ചു.
എന്നാൽ, ഒമാൻ എയർ സർവിസുകൾ പ്രഖ്യാപിച്ചിട്ടില്ലാത്ത സെക്ടറുകളിൽ എയർ ഇന്ത്യയും നിരക്കുകൾ കുറച്ചിട്ടില്ല. മുംബൈയിൽനിന്ന് ഒമാൻ എയറിന്റെ പുതിയ നിരക്ക് 79 റിയാലാണ്. ഇതുവരെ 100 മുതൽ 110 റിയാൽ വരെയാണ് ഒമാൻ എയർ ഈ യാത്രക്കാരിൽനിന്ന് ഈടാക്കിയത്.
കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ഒമാൻ എയർ സർവിസ് നടത്തുന്നതിനാൽ നിരക്കുകൾ കുറച്ചിട്ടുണ്ട്. കോഴിക്കോട്ട് സർവിസുകൾ ആരംഭിക്കുന്നതോടെ ഒമാൻ എയർ 115 റിയാലാണ് ഈടാക്കുന്നത്. ഇതോടെ, എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് 85 റിയാലാക്കി കുറച്ചിട്ടുണ്ട്. നിലവിൽ 115 റിയാലാണ് കോഴിക്കോട്ടുനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. കൊച്ചിയിൽനിന്നും നിലവിൽ 116 റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. അടുത്ത ആറുവരെ ഉയർന്ന നിരക്കുകൾ തന്നെയാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുക. അടുത്ത മാസം ഏഴുമുതൽ എയർ ഇന്ത്യ എക്സ്പ്രസ് നിരക്കുകൾ 85 റിയാലായി കുറച്ചിട്ടുണ്ട്.
മറ്റു വിമാന സർവിസുകൾ പ്രഖ്യാപിച്ചിട്ടില്ലാത്ത കണ്ണൂരിലേക്കും തിരുവന്തപുരത്തേക്കും എയർ ഇന്ത്യ എക്പ്രസ് നിരക്കിളവ് പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂരിൽനിന്ന് 115 റിയാലും തിരുവനന്തപുരത്തുനിന്ന് 105 റിയാലുമാണ് എയർ ഇന്ത്യ എക്സ്പ്രസ് അടുത്ത മാസവും ഈടാക്കുന്നത്. എന്നാൽ, സലാം എയർ തിരുവനന്തപുരത്തേക്ക് സർവിസ് തുടരാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.
ഇതോടെ, തിരുവനന്തപുരം സെക്ടറിലും എയർഇന്ത്യക്ക് നിരക്ക് കുറക്കേണ്ടി വരും. അടുത്ത മാസം എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നത് കണ്ണൂർ-മസ്കത്ത് സെക്ടറിലായിരിക്കും. മറ്റു വിമാന കമ്പനികൾ കണ്ണൂരിൽനിന്ന് സർവിസ് ആരംഭിക്കുമ്പോഴാണ് നിരക്കിളവ് പ്രതീക്ഷിക്കേണ്ടത്.
നാട്ടിൽ സ്കൂളുകൾ അടക്കുന്ന വേളയിൽ വിമാന നിരക്കുകൾ കുറയുന്നത് പ്രവാസി കുടുംബങ്ങൾക്ക് അനുഗ്രഹമാവുന്നുണ്ട്. കോവിഡ് പ്രതിസന്ധിയും കേരളത്തിൽ നിന്നുള്ള ഉയർന്ന വിമാന നിരക്കും കാരണം ഒമാൻ സന്ദർശിക്കാത്ത നിരവധി കുടുംബങ്ങൾ വീണ്ടും ഒമാനിലെത്തും. കഴിഞ്ഞവർഷം ഉയർന്ന നിരക്കായിരുന്നു ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് ഈടാക്കിയിരുന്നത്. വളരെ പരിമിതമായ കുടുംബങ്ങൾ മാത്രമാണ് കഴിഞ്ഞവർഷം സ്കൂൾ അവധിക്ക് ഒമാനിലെത്തിയത്. കഴിഞ്ഞവർഷം ഇതേ സീസണിൽ 50,000 രൂപക്കടുത്തായിരുന്നു ഇന്ത്യയിൽനിന്നുള്ള വിമാന നിരക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.