മസ്കത്ത്: ഒമാൻ എയർ നിരയിേലക്ക് മൂന്നാമത്തെ ബോയിങ് 737 മാക്സ് 8 വിമാനം എത്തി. മികച്ച പ്രവർത്തനക്ഷമതക്ക് ഒപ്പം മികച്ച യാത്ര അനുഭൂതിയും നൽകുന്ന 737 മാക്സ് ശ്രേണിയിലെ 30 വിമാനങ്ങൾക്കാണ് ഒമാൻ എയർ ഒാർഡർ നൽകിയിരിക്കുന്നത്. ഇതിൽ മൂന്ന് വിമാനങ്ങളാണ് ഇതിനകം ലഭിച്ചത്.
നവീകരിച്ച ബിസിനസ്, ഇക്കോണമി ക്ലാസ് കാബിനുകളോടെയുള്ളതാണ് 737 മാക്സ് വിമാനം. 12 ബിസിനസ് ക്ലാസ് സീറ്റുകളും 150 ഇക്കോണമി ക്ലാസ് സീറ്റുകളുമാണ് ഉള്ളത്. ഇൗ വർഷം സെപ്റ്റംബറോടെ ഇൗ വിഭാഗത്തിലെ എട്ട് വിമാനങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
പുതിയ വിമാനങ്ങൾ എത്തിയതോടെ ഒമാൻ എയർ വിമാനങ്ങളുടെ എണ്ണം അമ്പത് ആയി ഉയർന്നു. ഇതിൽ ഏഴെണ്ണം ബോയിങ് 787 ഡ്രീംലൈനറുകളാണ്. 787-9 ഡ്രീം ലൈനർ വിഭാഗത്തിലെ ആദ്യ വിമാനം ഇൗ മാസം അവസാനത്തോടെ ലഭിക്കും. എട്ട് പ്രൈവറ്റ് സ്യൂട്ടുകളും 24 ബിസിനസ് ക്ലാസ് സീറ്റുകളും 232 ഇക്കോണമി സീറ്റുകളും ഉള്ള 787-9 ഡ്രീം ലൈനർ അത്യാധുനിക സൗകര്യത്തോടെയുള്ളതാണ്.
ഇത്തരത്തിലുള്ള മൂന്ന് വിമാനങ്ങൾക്കാണ് ഒാർഡർ നൽകിയിട്ടുള്ളത്. മസ്കത്ത് കേന്ദ്രമാക്കി കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഒമാൻ എയർ. ജൂൺ ഒന്നു മുതൽ ടർക്കിഷ് നഗരമായ ഇസ്തംബൂളിലേക്ക് സർവിസ് തുടങ്ങിയിരുന്നു. ജൂലൈ ഒന്നിന് കാസാബ്ലാങ്കയിലേക്കും ഒക്ടോബർ 28ന് മോസ്കോയിലേക്കും ഒമാൻ എയർ സർവിസ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.