മസ്കത്ത്: ഖരീഫ് സീസൺ പ്രമാണിച്ച് ഒമാൻ എയർ മസ്കത്ത്-സലാല റൂട്ടിൽ സർവിസ് വർധിപ്പിച്ചു. ജൂൺ 23 മുതൽ സെപ്റ്റംബർ 11 വരെ ആഴ്ചയിൽ 112 സർവിസാണ് ഈ സെക്ടറിൽ ഒമാൻ എയർ നടത്തുക. സാധാരണ മസ്കത്ത് സലാല റൂട്ടിൽ ചെറിയ വിമാനങ്ങളാണ് സർവിസ് നടത്താറുള്ളത്. എന്നാൽ പുതിയ ഷെഡ്യൂളിൽ വലിയ വിമാനങ്ങളാണ് ഉൾപ്പെടുത്തിയത്.
ഇതിൽ ബോയിങ് 787 ഡ്രീംലൈനർ, എയർബസ് എ330, ബോയിങ് 737 എന്നീ വിമാനങ്ങളും ഉൾപ്പെടും. ഇരു ഭാഗങ്ങളിലേക്കും ദിവസവും എട്ട് വിമാന സർവിസാണുള്ളത്. സൗകര്യപ്രദമായ സമയക്രമവും കണക്ഷൻ വിമാനങ്ങളുടെ ലഭ്യതയും കൂടി കണക്കിലെടുത്താണ് സർവിസ് ഷെഡ്യൂൾ ചെയ്തത്.മസ്കത്തിൽനിന്ന് സലാലയിലേക്കുള്ള ആദ്യ വിമാനം ദിവസവും പുലർച്ച 02.05 നാണ് പുറപ്പെടുന്നത്. അവസാന വിമാനം രാത്രി 8.20 നാണ്. സലാലയിൽനിന്ന് മസ്കത്തിലേക്കുള്ള ആദ്യ വിമാനം പുലർച്ച 4.50ന് പുറപ്പെടും. ഇവിടെനിന്നുള്ള അവസാന വിമാനം രാത്രി 10.45 നാണ്. സമയത്തിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം ഗൾഫ് രാജ്യങ്ങളിൽനിന്ന് സലാലയിലേക്കുള്ള വിനോദ സഞ്ചാരികൾ വർധിക്കുമെന്ന് ഒമാൻ എയർ അധികൃതർ പറഞ്ഞു. സലാലയിലെ ഹരിതഭംഗി നിറഞ്ഞ മലനിരകളും തണുത്ത ചാറ്റൽ മഴയും അതിമനോഹര പ്രകൃതിഭംഗിയും ഗൾഫ് രാജ്യങ്ങളിലെ കൊടും ചൂടിൽനിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആകർഷകമാണ്. വർഷം കഴിയും തോറും സലാല നഗരത്തിന്റെയും അനുബന്ധ സ്ഥലങ്ങളിലെയും മനോഹാരിത ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഒമാൻ എയർ ഹോളിഡേയ്സ് വിവിധ തരം സലാല പാക്കേജുകളും പ്രഖ്യാപിച്ചു. സന്ദർശകർക്ക് സലാലക്ക് ചുറ്റമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങർ സന്ദർശിക്കാൻ കഴിയുന്ന രീതിയിലാണ് പാക്കേജുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.