മസ്കത്ത്: ഒമാനും ചൈനയും വിവിധ മേഖലകളിൽ സഹകരിക്കാൻ ധാരണ. 2024 വരെ കാലയളവിൽ മാധ്യമ, ആരോഗ്യ, സാംസ്കാരിക രംഗങ്ങളിൽ സഹകരിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ ധാരണപത്രം ഒപ്പുവെച്ചത്. ഒമാൻ വിദേശകാര്യ മന്ത്രാലയം ഡിപ്ലോമാറ്റിക് അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അൽ ഹാർത്തി, ഒമാനിലെ ചൈനീസ് അംബാസഡർ ലി ലിങ്ബിങ് എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽ ബുസൈദി, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ഒൗദ്യോഗിക സന്ദർശനത്തിനെത്തിയ ചൈനീസ് വിദേശകാര്യമന്ത്രിയും ഒമാൻ വിദേശകാര്യ മന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്ക് ഒടുവിലാണ് ധാരണപത്രം ഒപ്പിട്ടത്. ചൈനീസ് ബെൽറ്റ് റോഡ് പദ്ധതിയുടെ ചട്ടക്കൂടിൽ ഇരു രാഷ്ട്രങ്ങൾക്കും ഗുണകരമായ വിധത്തിൽ നിക്ഷേപവും ടൂറിസം സഹകരണവും വർധിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. പൗരന്മാർക്ക് വിസരഹിത പ്രവേശനം അനുവദിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി. ഒമാൻ മന്ത്രിസഭ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സൈദ്, റോയൽ ഒാഫിസ് മന്ത്രി ജനറൽ. സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനി എന്നിവരുമായും ചൈനീസ് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. ഏതാനും ദിവസത്തെ സന്ദർശനത്തിനുശേഷം തിങ്കളാഴ്ച ചൈനീസ് വിദേശകാര്യമന്ത്രി മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.