മസ്കത്ത്: ഈജിപ്തിന്റെ വിദേശകാര്യ-കുടിയേറ്റ മന്ത്രി ഡോ. ബദർ അബ്ദുൽ ആതിയുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസുഫ് മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. വ്യാപാരത്തിലും നിക്ഷേപത്തിലും ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള പുതിയവഴികൾ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം വളർത്തിയെടുക്കുന്നതിനുള്ള സുപ്രധാന വേദിയായി ഒമാനി-ഈജിപ്ഷ്യൻ വ്യവസായി കൗൺസിൽ സജീവമാക്കേണ്ടതിന്റെ പ്രാധാന്യം യോഗം ഊന്നിപ്പറഞ്ഞു. വ്യാപാര വിനിമയം വർധിപ്പിക്കുന്നതിനും വിവിധ സാമ്പത്തിക മേഖലകൾക്ക് വിശാലമായ അവസരങ്ങൾ തുറക്കുന്നതിനുമായി ഉൽപന്നങ്ങൾ വൈവിധ്യവത്ക്കരിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു
സംയുക്ത നിക്ഷേപം വർധിപ്പിക്കുക, ഒമാനിലെയും ഈജിപ്തിലെയും സ്വകാര്യമേഖല സ്ഥാപനങ്ങളെ നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയായിരുന്നു പ്രധാന വിഷയങ്ങൾ. ഇരു രാജ്യങ്ങൾക്കുമിടയിൽ കടൽപാത വികസിപ്പിക്കുന്നതും ആവശ്യമായ പ്രോത്സാഹനങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതുൾപ്പെടെ ലോജിസ്റ്റിക് സംയോജനം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ഇരുപക്ഷവും എടുത്തുപറഞ്ഞു. വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. സാലിഹ് ബിൻ സഈദ് മസ്ൻ, ഒമാനിലെ ഈജിപ്ത് അംബാസഡർ ഖാലിദ് മുഹമ്മദ് അബ്ദുൽ ഹലീം റാഡി, ഇരു രാജ്യങ്ങളിലെയും നിരവധി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.