മസ്കത്ത്: ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ഇന്നവേഷൻ, തൊഴിൽ പരിശീലനം, ഡിജിറ്റൽ ശാക്തീകരണം, സൻസിബാറിൽ ഡേറ്റ സെന്റർ സ്ഥാപിക്കൽ, ഡോക്യുമെന്റ് മാനേജ്മെന്റ് എന്നീ മേഖലകളിൽ മൂന്നു ധാരണപത്രങ്ങളിലും എക്സിക്യൂട്ടിവ് പ്രോഗ്രാമുകളിലും ഒമാനും സൻസിബാറും കരാർ ഒപ്പുവെച്ചു.
സൻസിബാർ പ്രസിഡന്റ് ഡോ. ഹുസൈൻ അലി മഊനിയുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിട്ടത്. ഒമാൻ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രാലയവും സൻസിബാറിന്റെ വിദ്യാഭ്യാസ, തൊഴിൽ പരിശീലന മന്ത്രാലയവും തമ്മിലാണ് ആദ്യ ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഉന്നത വിദ്യാഭ്യാസ ഗവേഷണം, ഇന്നവേഷൻ, തൊഴിലധിഷ്ഠിത പരിശീലനം, വിജ്ഞാനം, സാങ്കേതികവിദ്യ കൈമാറ്റം, വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ സ്ഥാപിക്കൽ തുടങ്ങിയ മേഖലകളിലെ സഹകരണമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ഇന്നവേഷൻ മന്ത്രി ഡോ. റഹ്മ ഇബ്രാഹിം അൽ മഹ്റൂഖിയും സൻസിബാറിന്റെ ധനകാര്യ ആസൂത്രണ മന്ത്രി സാദ എംകുയയുമാണ് ഒപ്പുവെച്ചത്. ഒമാൻ ഡേറ്റ പാർക്കും സൻസിബാറിന്റെ ഇൻഫ്രാസ്ട്രക്ചർ, കമ്യൂണിക്കേഷൻസ്, ഗതാഗത മന്ത്രാലയവുമാണ് രണ്ടാമത്തെ കരാറിൽ ഒപ്പുവെച്ചത്. സൻസിബാറിൽ ഡേറ്റ സെന്റർ സ്ഥാപിക്കുന്നതും നിയന്ത്രിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്നതും ലക്ഷ്യമിട്ടാണ് കരാർ. രണ്ടാം ധാരണപത്രത്തിൽ ഒമാൻ ഡേറ്റ പാർക്ക് സി.ഇ.ഒ മഖ്ബൂൽ സലിം അൽ വഹൈബിയും സൻസിബാറിലെ ഇൻഫ്രാസ്ട്രക്ചർ, കമ്യൂണിക്കേഷൻസ്, ഗതാഗത മന്ത്രി ഡോ. ഖാലിദ് സലൂം മുഹമ്മദുമാണ് ഒപ്പുവെച്ചത്.
സൻസിബാറിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് മറ്റൊരു കരാർ. ടാർഗറ്റ് ഇൻഫർമേഷൻ സൊലൂഷൻസ് സി.ഇ.ഒ അലി അഹമ്മദ് അൽ മുജൈനിയും സൻസിബാറിന്റെ ധന-ആസൂത്രണ മന്ത്രി സാദ എംകുയയുമാണ് ഒപ്പുവെച്ചത്. എക്സിക്യൂട്ടിവ് പ്രോഗ്രാമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നാഷനൽ റെക്കോഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി ചെയർമാൻ ഡോ. ഹമദ് മുഹമ്മദ് അൽ ധോയാനിയും സൻസിബാറിന്റെ ധന-ആസൂത്രണ മന്ത്രിയുമാണ് ഒപ്പിട്ടത്.
ചരിത്രപരമായ ഡോക്യുമെന്റേഷൻ, പ്രമാണങ്ങളുടെ പകർപ്പുകൾ, ഗവേഷണം, ശാസ്ത്രീയ പഠനങ്ങൾ തുടങ്ങിയവ കൈമാറ്റം ചെയ്യുക എന്നിവ ലക്ഷ്യമാക്കിയാണ് കരാറിൽ എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.