മസ്കത്ത്: ഇന്ത്യൻ സഞ്ചാരികളുടെ മികച്ച ലക്ഷ്യ സ്ഥാനമായി ഒമാൻ മാറുന്നു. യാത്രാ തീയതിക്ക് 14 ദിവസത്തിൽ താഴെ ബുക്ക് ചെയ്യുന്ന 50 ശതമാനം ഇന്ത്യൻ സഞ്ചാരികളും തിരഞ്ഞെടുക്കുന്നത് സുൽത്താനേറ്റിനെയാണെന്ന് പ്രമുഖ ഇന്ത്യൻ ട്രാവൽ പോർട്ടലായ MakeMyTrip.comന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ട് അനുസരിച്ച്, ഒമാൻ, നേപ്പാൾ, യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യൻ യാത്രക്കാർ അവസാന നിമിഷം പരമാവധി ഫ്ലൈറ്റ് ബുക്കിങ് നടത്തുന്നത്. ഇന്ത്യൻ സഞ്ചാരികളിൽ, കേരളത്തിൽ നിന്നുള്ളവരാണ് അന്തർദേശീയ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നതിൽ ഏറ്റവും മുന്നിലുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ നിന്നുള്ള 41ശതമാനം യാത്രക്കാരും യാത്രക്ക് പൂജ്യം മുതൽ ആറ് ദിവസം മുമ്പ് ആണ് ബുക്കിങ് നടത്താറുള്ളത്.
കഴിഞ്ഞ വർഷം വിദേശയാത്ര നടത്തിയ ഇന്ത്യക്കാരിൽ 55 ശതമാനവും വിനോദത്തിനായും 33 ശതമാനം സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനായിരുന്നു. ബിസിനസ് ആവശ്യത്തിനായി 12 ശതമാനം ആളുകളുമാണ് യാത്ര നടത്തിയത്. കഴിഞ്ഞ വർഷം 600,000 ഇന്ത്യൻ പൗരന്മാരാണ് സുൽത്താനേറ്റ് സന്ദർശിച്ചതെന്ന് പൈതൃക-ടൂറിസം മന്ത്രാലയത്തിലെ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ സാദ അബ്ദുല്ല അൽ ഹർതി പറഞ്ഞു.
ഈ വർഷം ജൂണിൽ ഇത് 700,000ന് മുകളിലായിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർക്ക് സുൽത്തനേറ്റിലേക്ക് വിമാന മാർഗം എത്താൻ കുറഞ്ഞ സമയം മതി. ഏകദേശം രണ്ടര മുതൽ മൂന്നര മണിക്കൂർ മതി ഇവിടേക്ക് എത്തിപ്പെടാൻ.
ഇതും സുൽത്താനേറ്റിനെ ഇന്ത്യക്കാരുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്ന കാരണമായേക്കമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവിസുള്ളതും സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.