മസ്കത്ത്: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ഫോറങ്ങളിലൊന്നായ വേൾഡ് ട്രാവൽ മാർക്കറ്റിൽ പങ്കാളികളായി ഒമാനും. ലണ്ടനിൽ കഴിഞ്ഞ ദിവസം തുടങ്ങിയ പരിപാടിയിൽ സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് പൈതൃക, ടൂറിസം മന്ത്രാലയമാണ് പങ്കെടുക്കുന്നത്.
പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി അസ്സാൻ ബിൻ ഖാസിം അൽ ബുസൈദിയാണ് മന്ത്രാലയത്തിന്റെ പ്രതിനിധിസംഘത്തെ നയിക്കുന്നത്. രാജ്യത്തെ ടൂറിസം സാധ്യതകൾ തുറന്നുകാട്ടാനും സഞ്ചാരികളെ ആകർഷിക്കാനുമാണ് ടൂറിസം ഫോറങ്ങളിലെ പങ്കാളിത്തത്തിലൂടെ ശ്രമിക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ ടൂറിസം രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന മേളയിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്യും. നാല് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പങ്കാളിത്തത്തിനു പുറമെ 26 ടൂറിസം, ഹോട്ടൽ സ്ഥാപനങ്ങളുമാണ് ഒമാൻ പവിലിയനിലുള്ളത്.
ഈ വർഷം, നൂറിലധികം രാജ്യങ്ങളിൽനിന്നുള്ള 2500 സ്ഥാപനങ്ങൾ, കമ്പനികൾ, സർക്കാർ ഏജൻസികൾ, ട്രാവൽ, ടൂറിസം മേഖലയിലെ പുതിയ സംഭവവികാസങ്ങൾ അവലോകനം ചെയ്യുകയും നേരിട്ടുള്ള മീറ്റിങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്യുന്ന 75 കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവ വേൾഡ് ട്രാവൽ മാർക്കറ്റിൽ ഉൾപ്പെടുന്നുണ്ട്. ആഗോള ടൂറിസം മേഖല നടപ്പു വർഷം 60 ശതമാനം വളർച്ച കൈവരിച്ചതായി കണക്കാക്കുന്നുവെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂനിറ്റ് അടുത്തിടെ പുറത്തിറക്കിയ വേൾഡ് ടൂറിസം റിപ്പോർട്ടിൽ പറയുന്നു. വെല്ലുവിളികൾക്കിടയിലും അടുത്ത വർഷവും മേഖല തുടർച്ചയായ വളർച്ച കൈവരിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.