മസ്കത്ത്: ഒമാന്റെ പ്രത്യേകമായ ഭൂപ്രകൃതിയും അനിതരമായ പ്രകൃതിസൗന്ദര്യവും മലയാളം സിനിമ പ്രവർത്തകരെയും ഒമാനിലേക്ക് ആകർഷിക്കുന്നു. ഒമാനിൽ നിരവധി ബോളിവുഡ്, തെലുങ്ക് സിനിമകൾ ചിത്രീകരണം നടത്തിയിരുന്നു. അടുത്തകാലങ്ങളിലൊന്നും മലയാള സിനിമകളൊന്നും ഒമാനിൽ ചിത്രീകരണം നടത്തിയിട്ടില്ല.
എന്നാൽ, അടുത്തിടെ മറ്റു സിനിമകൾക്കൊപ്പം മലയാളം സിനിമകളും ഒമാനിലേക്ക് കണ്ണുവെക്കുകയാണ്. നടൻ സുധീഷ് അഭിനയിക്കുന്ന ‘രാസ്ത’ എന്ന സിനിമയുടെ ചിത്രീകരണം ഒമാനിൽ പുരോഗമിക്കുകയാണ്. പൂർണമായി ഒമാനിലാണ് ഇതിന്റെ ചിത്രീകരണം. സുധീഷിനൊപ്പം മലയാളത്തിലെ പ്രമുഖ നടീനടന്മാർ സിനിമയിൽ വേഷമിടുന്നുണ്ട്. 2014ൽ മധു കൈതപ്രം സംവിധാനം ചെയ്ത ‘വെള്ളിവെളിച്ചത്തിൽ’ എന്ന മലയാളം സിനിമ ഒമാനിൽ ചിത്രീകരിച്ചിരുന്നു.
ഒമാനിൽ പൂർണമായി ചിത്രീകരിച്ച ആദ്യ വിദേശ സിനിമ കൂടിയാണ് ‘വെള്ളിവെളിച്ചത്തിൽ’. ജോൺ ബ്രിട്ടാസ്, പ്രതാപ് പോത്തൻ, ഇനിയ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളായിരുന്നു സിനിമയിൽ വേഷമിട്ടിരുന്നത്. ഒമാനിലെ സുന്ദരമായ കടൽത്തീരങ്ങളും മറ്റും സിനിമയിൽ ചിത്രീകരിച്ചിരുന്നു. കൂടാതെ, ബോളിവുഡ് സിനിമകളായ ‘വൺസ് അപോൺ എ ടൈം ഇൻ മുബൈ ദോബോറ, ഐയാരി, ദിഷ്കിയായോൺ തുടങ്ങിയ സിനിമകളും ഒമാനിൽ ഭാഗികമായി ചിത്രീകരണം നടത്തിയിരുന്നു. ഒമാനിൽ സിനിമകൾ ചിത്രീകരിക്കുന്നതിന് ഒമാൻ വിനോദസഞ്ചാര മന്ത്രാലയത്തിൽനിന്ന് അനുവാദം എടുക്കേണ്ടതുണ്ട്.
കേരളത്തിൽനിന്ന് ഏറെ അടുത്തുകിടക്കുന്നതിനാലും താരതമ്യേന ചെലവ് കുറഞ്ഞതിനാലും സിനിമ മേഖലയിലുള്ള നിരവധി പേർ ഒമാനിലേക്ക് കണ്ണുവെക്കുന്നുണ്ടെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.