മസ്കത്ത്: ഒമാൻ വ്യോമപരിധി സുരക്ഷിതമാണെന്നു സർക്കാർ അറിയിച്ചു. മേഖലയിലെ നില വിലെ വ്യോമഗതാഗത സാഹചര്യം ഒമാൻ വ്യോമപരിധിയെ ബാധിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേ ഷൻ പൊതുഅതോറിറ്റി അറിയിച്ചു. വടക്കൻ ഒമാനിലെ വ്യോമപരിധി വഴിയുള്ള വിമാനങ്ങളുടെ സഞ്ചാരം തുടർച്ചയായി നിരീക്ഷിച്ചുവരുകയാണെന്നും അധികൃതർ അറിയിച്ചു. മേഖലയിലെ ചില സംഭവങ്ങൾ വടക്കുഭാഗത്തേക്കുള്ള ഏതാനും വിമാന റൂട്ടുകളെ ബാധിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലുള്ള പതിവ് നടപടികളുടെ ഭാഗമായി എയർ ട്രാഫിക് എമർജൻസി ജാഗ്രത പുലർത്തുന്നുണ്ട്. ഒമാനി വ്യോമപരിധിയിൽ വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അതോറിറ്റി നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസം അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതിനെ തുടർന്നാണ് മേഖലയിൽ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമായത്. ഇതേ തുടർന്ന് പേർഷ്യൻ ഗൾഫിനും ഒമാൻ കടലിടുക്കിനും മുകളിലൂടെ വിമാനം പറത്തരുതെന്ന് അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അതോറിറ്റി അമേരിക്കൻ വിമാന കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇൗ നിരോധനം പ്രാബല്യത്തിലുണ്ടാകും. ഇതേതുടർന്ന് അമേരിക്കയിലെ ന്യുവാക്കിൽനിന്ന് മുംബൈയിലേക്കുള്ള യുനൈറ്റഡ് എയർലൈൻസ് വിമാനം അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെച്ചു. അമേരിക്കക്കുപിന്നാലെ എയർ ഫ്രാൻസ് കെ.എൽ.എം, ബ്രിട്ടീഷ് എയർവേസ്, മലേഷ്യ എയർലൈൻസ്, കൻറാസ് തുടങ്ങി നിരവധി വിമാന കമ്പനികളും പേർഷ്യൻ ഗൾഫിനും ഒമാൻ കടലിടുക്കിനും മുകളിലൂടെ പറക്കുന്നതിൽനിന്ന് പിന്തിരിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.