സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ വിവേകപൂർണവും ദീർഘ വീക്ഷണത്തോടെയുമുള്ള ഇടപ്പെടലുകൾ വികസനത്തിന്റെ പുതുവഴികളാണ് 2023ൽ രാജ്യത്തിനു മുന്നിൽതുറന്നത്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള സുൽത്താന്റെ സന്ദർശനം സഹകരണത്തിന്റെ വിശാലമായ ലോകം ഒരുക്കി. ഫലസ്തീൻ ജനതയോട് തങ്ങളുടെ ഐക്യദാർഢ്യം ആവർത്തിച്ചു പ്രഖ്യാപിക്കുകയും യു.എൻ അടക്കമുള്ള ലോകവേദികളിൽ ഇസ്രായേലിന്റെ നരനായാട്ട് തുറന്നു കാണിക്കുകയുംചെയ്ത ഒരു വർഷം കൂടിയായിരുന്നു ഒമാന്‍ 2023. പുതുവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ 2023ലെ പ്രധാന സംഭവവികാസങ്ങളിലേക്ക് ഒരു എത്തിനോട്ടം...
ഒമാനും വിവിധരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് ഉന്നതലത്തിലുള്ള സന്ദർശനങ്ങൾ 2023ൽ നടക്കുകയുണ്ടായി. ഇന്ത്യ, ഇറാൻ, ജർമനി, സ്വീഡൻ, സിറിയ, സിംഗപ്പൂർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് രാഷ്ട്രതലവന്മാരുടെ സന്ദർശനമുണ്ടായത്.
ഉഭയകക്ഷി ബന്ധങ്ങളിൽ പുതുചരിതം തീർക്കുന്നതായിരുന്നു ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനം. മസ്കത്തിനും ന്യൂഡൽഹിക്കുമിടയിൽ സഹകരണങ്ങൾ ശക്തിപ്പെടുന്നതിനും ബന്ധങ്ങൾ വിപുലപ്പെടാനും സന്ദർശനം സഹായകമായി. വിവിധ മേഖലകളിൽ തന്ത്രപരമായ സഹകരണം ലക്ഷ്യമിട്ട് ഒരു സുപ്രധാന കരാറിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. സംസ്കാരം, ആശയവിനിമയം, വിവരസാങ്കേതികവിദ്യ, സാമ്പത്തിക വിവരങ്ങളുടെ കൈമാറ്റം എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് കരാറിലും ധാരാണയിലും എത്തിയിരിക്കുന്നത്.
‘ഭാവിക്ക് വേണ്ടി ഒരു പങ്കാളിത്തം’ എന്നപേരിൽ ഒരു സംയുക്തദർശന രേഖയും സന്ദർശനത്തിന്റെ ഭാഗമായി മുന്നോട്ടുവെച്ചു. ഇന്ത്യയിൽ പ്രഥമ സന്ദർശനത്തിനായെത്തിയ സുൽത്താന്‍ ഉജ്ജ്വല വരവേൽപ്പാണ് അധികൃതർ നൽകിയത്. സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകും ചെയ്തു. 26 വർഷങ്ങൾക്കു ശേഷമാണ് ഒമാനിൽനിന്നുള്ള രാഷ്ട്രത്തലവൻ ഇന്ത്യയിൽ എത്തുന്നത്. ഇതിനുമുമ്പ് 1997ൽ ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെയാണ് അന്നത്തെ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദ് ഇന്ത്യ സന്ദർശിച്ചത്.
ഒമാനിലെത്തിയ സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ അസദ് സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി.സിറിയൻ ജനതയോടുള്ള ഒമാന്റെ ഐക്യദാർഢ്യത്തിന് സുൽത്താനോടും ഒമാൻ ജനതയോടും നന്ദി പറഞ്ഞ ബശ്ശാർ, ഭൂകമ്പത്തിന്റെ ആഘാതം കുറക്കുന്നതിനായി ഒമാൻ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഇരുരാരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവയും അവലോകനം ചെയ്തു.
രണ്ടുദിവസത്തെ ഈജിപ്ത് സന്ദർശനത്തിനെത്തിയ സുൽത്താന്‍ ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. കൈറോ വിമാനത്താവളത്തിൽ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി നേരിട്ടെത്തിയാണ് സുൽത്താനെ സ്വീകരിച്ചത്. ഉഭയ കക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു നിരവധി കാര്യങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ഇരട്ടിനികുതി ഒഴിവാക്കുന്നതിനും വരുമാന- മൂലധനനികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള കരാറിലും ധാരണാപത്രത്തിലും ഒമാനും ഈജിപ്തും ഒപ്പുവെച്ചു.
നിക്ഷേപ അവസരങ്ങളുടെ കൈമാറ്റം, പ്രത്യേക സാമ്പത്തിക മേഖലകളിലും സ്വതന്ത്ര മേഖലകളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കൽ എന്നിങ്ങനെയുള്ള വിവിധ മേഖലകളിൽ ധാരണപത്രങ്ങളും കരാറുകളും ഒപ്പുവെച്ചാണ് സുൽത്താന്റെ ഇറാന്റെ സന്ദർശനം പൂർത്തിയായത്. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പൊതുവായ താൽപര്യങ്ങളെ അടിസ്ഥാനമാക്കി, പ്രത്യേകിച്ച് വ്യാപാരം, ഊർജം, നിക്ഷേപം, സംസ്കാരം എന്നീ മേഖലകളിൽ പരസ്പര പ്രയോജനവും ബന്ധങ്ങളും വർധിപ്പിക്കുന്ന തരത്തിൽ വികസിപ്പിക്കാനുള്ള വഴികളും ഇരുരാജ്യങ്ങളിലെ നേതാക്കൾ ചർച്ച ചെയ്തു.
ഔദ്യോഗിക സന്ദർശനത്തിനെത്തിയ യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ഒമാനിൽ ഊഷ്മള വരവേൽപ്പ് നൽകി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ചയും നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധവും പൊതുതാൽപര്യമുള്ള മറ്റുകാര്യങ്ങളും ചർച്ച ചെയ്തു.
ആദര സൂചകമായി ഖാസിമിക്കും അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിനും സുൽത്താൻ ഉച്ചഭക്ഷണവും നൽകി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തിയാണ് മടങ്ങിയത്.
ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത താൽപര്യങ്ങൾക്കായി വിവിധ മേഖലകളിൽ അവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും അവലോകനം ചെയ്തു. ഇരു നേതാക്കളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും പൊതുതാൽപര്യങ്ങളെക്കുറിച്ചും വീക്ഷണങ്ങൾ കൈമാറി.
വിവിധ മേഖലകളിൽ സഹകരണം വിപുലപ്പെടുത്തിയും സഹകരണം ശക്തിപ്പെടുത്തിയുമാണ് രണ്ടു ദിവസത്തെ ഒമാൻ സന്ദർശനം പൂർത്തിയാക്കി സ്വിസ്റ്റർലൻഡ് പ്രസിഡന്റ് ഡോ.അലൈൻ ബെർസെറ്റ് മടങ്ങിയതത്. സന്ദർശനത്തിന്റെ ഭാഗമായി നയതന്ത്ര പഠനവും പരിശീലനം, സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ ഊർജം, അതിന്റെ സാങ്കേതിക വിദ്യകൾ, പൈതൃകം, ടൂറിസം, ആരോഗ്യ സംരക്ഷണം, ശേഷി വികസനം എന്നീ മേഖലകളിൽ കരാറുകളിലെത്തിയാണ് പ്രസിഡന്റ് മടങ്ങിയത്. അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിയാത്മകമായ സഹകരണത്തിന്റെ വഴികളും ജനങ്ങളുടെ നന്മക്കായി വിവിധ മേഖലകളിൽ അവയെ വികസിപ്പിക്കുന്നതിനുള്ള കാര്യങ്ങളും ചർച്ച ചെയ്തു.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ത്രിദിന സിംഗപ്പൂർ സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകൾ ചർച്ച ചെയ്തു. സംയുക്ത താൽപര്യങ്ങൾ സേവിക്കുന്നതിനും ഒമാനിലെയും സിംഗപ്പൂരിലേയും ജനങ്ങൾക്ക് കൂടുതൽ അഭിവൃദ്ധി കൈവരിക്കുന്നതിനും വിവിധ മേഖലകളിൽ ഈ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും വിശകലനം ചെയ്തു.
ദാഖിലിയ ഗവർണറേറ്റിലുള്ള മന വിലായത്തിലെ ‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയം’ സുൽത്താൻ ഹൈതം ബിൻ താരിഖ് നാടിനു സമർപ്പിച്ചു.അൽഹജർ പർവതനിരകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മ്യൂസിയം കെട്ടിടം രൂപകൽപ്പന ചെയ്തതെന്ന് മ്യൂസിയം ഡയറക്ടർ ജനറൽ എൻജിനീയർ അൽ-യക്സാൻ ബിൻ അബ്ദുല്ല അൽ ഹരിതി പറഞ്ഞു. മ്യൂസിയത്തിന്റെ പൂർത്തീകരണത്തിനു നിരന്തരമായ പിന്തുണ നൽകിയ സുൽത്താന്‍ അദ്ദേഹം നന്ദി പറഞ്ഞു.
സുൽത്താനേറ്റിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്നു നൽകുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്റെ വിശേഷങ്ങളിലൂടെ കടന്നു പോകുന്ന കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.
ഒമാനികൾ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഖഞ്ചർ യുനസ്കോയുടെ ‘അദൃശ്യ സാംസ്കാരിക പൈതൃക’ പട്ടികയിൽ ഇടം പിടിച്ചു. ഇത് സംബന്ധമായ പത്രിക പാരീസിൽ യുനസ്കോ ഡയറ്ക്ടർ ജനറൽ ആട്രേ അസൂലെ ഒമാന്റെ യുനസ്കോ സ്ഥിരം പ്രതിനിധി ഹമദ് സൈഫ് അൽ ഹമ്മാമിക്ക് കൈമാറി. നിലവിൽ 140 രാജ്യങ്ങളിൽ നിന്നുള്ള 678 ഇനങ്ങളാണ് യുനസ്കോയുടെ ‘അദൃശ്യ സാംസ്കാരിക പൈതൃക’ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഒമാന്റെ മധ്യ ഭാഗങ്ങളിൽ 1700െൻറ അവസാനത്തിൽ ജീവിച്ചവരാണ് ഖഞ്ചർ ഉപയോഗിച്ചതെന്ന് കരുതുന്നു.
അക്കാലത്ത് കല്ലുകൊണ്ടുള്ള ശിൽപ വേലക്കണ് ഖഞ്ചർ ഉപയോഗിച്ചിരുന്നത്. സ്വർണ്ണം, വെള്ളി, വെങ്കലം, ചെമ്പ് എന്നിവകൊണ്ടാണ് ഖഞ്ചർ ഉണ്ടാക്കിയിരുന്നത്.
ആധുനിക സൗകര്യങ്ങൾ അടങ്ങിയ ‘സുൽത്താൻ ഹൈതം സിറ്റി’ പദ്ധതിക്ക് തുടക്കം കുറിച്ചു. ബൈത്ത് അൽ ബറക പാലസിൽ നടന്ന ഉദ്ഘാന ചടങ്ങിൽ സുത്താൻ ഹൈതം ബിൻ താരിഖ് കാർമികത്വം വഹിച്ചു. സീബ് വിലായത്തിൽ ഏകദേശം 15 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നഗരം ആസൂത്രണം ചെയ്തിരിക്കുന്നത്. 2,900,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ നഗരം 20,000 ഭവന യൂനിറ്റുകളിലായി 100,000 പേർക്ക് താമസസൗകര്യം നൽകും.
2.9 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ലാൻഡ്സ്കേപ്പുകൾ, 19 സംയോജിത അയൽപക്കങ്ങൾ (ടൗൺഹൗസുകൾ, അപ്പാർട്ട്മെന്റുകൾ മുതലായവ), വാണിജ്യ-അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ, 25 മസ്ജിദുകൾ, 39 സ്കൂളുകൾ, ഒരു റഫറൽ ഹോസ്പിറ്റൽ ഉൾപ്പെടെ 11 ആരോഗ്യ സൗകര്യങ്ങൾ, കായിക സൗകര്യങ്ങൾ, ഒരു യൂനിവേഴ്സിറ്റി, സെൻട്രൽ പാർക്ക്, വിശാലമായ നടപ്പാത, മാലിന്യത്തിൽനിന്ന് ഊർജ ഉൽപാദനം, വൈദ്യുതിക്കായി സൗരോർജം, മലിനജല സംസ്കരണം തുടങ്ങിയവ ഈ സിറ്റിയുടെ സവിശേഷതകളായിരിക്കും.
ഖത്തറിൽ നടന്ന പ്രഥമ ഗൾഫ് ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഒമാൻ ജേതാക്കളായി. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ ശക്തരായ യു.എ.ഇയെ അഞ്ചു വിക്കറ്റിന് തകർത്താണ് ഗൾഫ് ട്വന്റി 20 കിരീടത്തിൽ സുൽത്താനേറ്റ് മുത്തമിട്ടത്.
പത്തരമാറ്റ് വിജയത്തിളക്കവുമായി അടുത്ത വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിലേക്ക് ഒമാൻ നടന്ന് കയറി. നേപ്പാളിൽ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിലെ സെമിയിൽ ബഹ്റൈനെ പത്തു വിക്കറ്റിന് തോൽപ്പിച്ചാണ് കോച്ച് ദുലീപ് മെൻഡിസും കുട്ടികളും സ്വപ്ന നേട്ടം സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ബഹ്റൈൻ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ വിക്കറ്റുകളൊന്നും കളയാതെ 14.2 ഓവറിൽ വിജയം കാണുകയായിരുന്നു. 2016ലും 2021ലും ഒമാൻ ഇതിനു മുമ്പ് ലോകകപ്പ് യോഗ്യത നേടിയിരുന്നു.
20 വർഷത്തെ മിന്നുന്ന കരിയറിന് ശേഷം ഒമാന്‍ ഫുട്ബാള്‍ ടീം മുന്‍ ക്യാപ്റ്റൻ ബൂട്ടഴിച്ചു.മധ്യനിര താരമായ അഹമദ് മുബാറക് കാനു ആണ് വിരമിച്ചത്.ഒമാനിലെ എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിലൊരാളാണ് ഇദ്ദേഹം. 180 മത്സരങ്ങളില്‍ ദേശീയ ടീമിനായി ജഴ്സിയണിഞ്ഞിട്ടുണ്ട്.
ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരങ്ങളില്‍ ഒരാളാണ് കാനു.കറിയറിലെ ആദ്യഘട്ടത്തിൽ ഒമാന്‍ ക്ലബുകൾക്കായി കളിച്ച താരം പിന്നീട് സൗദി , കുവൈത്ത്, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വിവിധ ക്ലബുകൾക്കായി പന്ത് തട്ടി.
അറേബ്യൻ ഗൾഫ് കപ്പിൽ മൂന്നാം മുത്തമെന്ന ഒമാന്റെ സ്വപ്നം പൊലിഞ്ഞ വർഷമാണ് 2023. ബസ്റ ഒളിമ്പിക്ക് സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ അധിക സമയത്തേക് നീണ്ട മത്സരത്തിൽ ഒമാനെ 3-2ന് തകർത്ത അറേബ്യൻ ഫുട്ബാൾ സിംഹാസനത്തിന്റെ കിരീടം ഇറാഖാണ് അണിഞ്ഞത്. വിജയപരാജയങ്ങൾ മാറിമറിഞ്ഞ് അത്യന്ത്യം നാടകീയത നിറഞ്ഞ മത്സരത്തിൽ മികച്ച ഫുട്ബാള്‍ കാഴ്ചവെച്ചാണ് ഒമാൻ കീഴടങ്ങിയത്.
മസ്കത്ത്: 52ാമത് സുൽത്താൻ കപ്പിൽ അൽനഹ്ദ മുത്തമിട്ടു. സീബ് ക്ലബിനെ തകർത്താണ് കഴിഞ്ഞ 20 വർഷമായുള്ള കിരീട കാത്തിരിപ്പിന് വിരാമമിട്ടത്. സുൽത്താൻ കപ്പ് വിജയത്തോടെ രാജ്യത്തെ ഏറ്റവും വലിയ ക്ലബുകളുടെ പട്ടികയിലേക്ക് കടന്നു കയറുകയും ചെയ്തു.
സുൽത്താനേറ്റിൽ കലാസമൂഹത്തെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് 10 വർഷത്തെ വിസ അവതരിപ്പിക്കുന്നതിന് മജ്ലിസ് ശൂറ അംഗീകാരം നൽകി. മികച്ച സർഗ്ഗാത്മക പ്രതിഭകളെ ആകർഷിക്കുന്ന സന്തുലിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ രൂപകൽപ്പന ചെയ്ത സാംസ്കാരിക തന്ത്രത്തിന്റെ ഭാഗമാണിത്. രാജ്യത്തെ സാംസ്കാരിക രംഗവും വികസനവും ഉത്തേജിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന നടപടികൾക്കും ശൂറ അംഗീകാരം നൽകി.
ഒമാനിൽ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഫാമിലി വിസ ലഭിക്കാൻ ശമ്പള നിരക്ക് 150 റിയാലായി അധികൃതർ കുറച്ചു. നേരത്തെ കുറഞ്ഞത് 350 റിയാൽ ശമ്പളം വാങ്ങുന്നവർക്കേ ഒമാനിൽ കുടുംബത്തെ ഫാമിലി വിസയിൽ കൊണ്ടുവാരാൻ സാധിച്ചിരുന്നുള്ളു. രാജ്യത്തെ സമ്പത്ത്വ്യവസ്യെ ഉത്തേജിപ്പിക്കുന്നതാണ് പുതിയ തീരുമാനം.
ജി.സി.സി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലക്ക് കരുത്തുപകർന്ന് ഏകീകൃത ടൂറിസ്റ്റ് വിസക്ക് ആഭ്യന്തരമന്ത്രിമാർ അംഗീകാരം നൽകി.
മസ്കത്ത്: ഒമാനിൽ വിസ നിയമങ്ങളിൽ വിവിധ മാറ്റങ്ങൾ വരുത്തി അധികൃതർ. വിസിറ്റിങ് വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാൻ കഴിയില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇങ്ങനെ മാറാൻ ആഗ്രഹിക്കുന്നവർ രാജ്യത്തു നിന്നുപുറത്തുപോയി പുതുക്കേണ്ടി വരും. താൽകാലികമായാണിങ്ങനെ നിർത്തിവെച്ചിരിക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്.
ബംഗ്ലാദേശ് രാജ്യത്തുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നതും ആർ.ഒ.പി നിർത്തിവെച്ചിട്ടുണ്ട്. നിലവില്‍ സുൽത്താനേറ്റിൽ തൊഴില്‍, താമസ വിസകളില്‍ കഴിയുന്ന ബംഗ്ലാദേശികള്‍ക്ക് വിസ പുതുക്കി നല്‍കും. വിസിറ്റ് വിസയിലെത്തുന്നവർക്ക് നേരത്തേ 50 റിയാല്‍ നല്കി വിസ മാറാന്‍ സാധിച്ചിരുന്നു. തൊഴിലന്വേഷകരായ മലയാളികളടക്കമുള്ളവർക്ക് ഗുണകരമാകുന്നതായിരുന്നു ഇത്.
ഒമാന്റെ പ്രഥമ ഉപഗ്രഹം അമാൻ ഒന്ന് വിജയകരമായി വിക്ഷേപിച്ചു. രണ്ടാമത്തെ ശ്രമത്തിലാണ് ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ഈ ജനുവരി പത്തിന് വിക്ഷേപണം നടത്തിയെങ്കിലും സാങ്കേതിക പിഴവ് കാരണം പരാജയപ്പെടുകയായിരുന്നു.
ഒമാൻ ബഹിരാകാശ കമ്പനിയായ എറ്റ്കോ സ്പെയ്സാണ് ഉപഗ്രഹം വിക്ഷേപിക്കാനുളള ശ്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. റ്റുവാറ്ററാ, സാറ്റ്റവല്യൂഷൻ എന്നീ കമ്പനിയുമായി സഹകരിച്ചാണ് ഒമാൻ എറ്റ്കോ പദ്ധതി നടപ്പാക്കിയത്. ഒമാൻ സർക്കാറിന്റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ് ആദ്യ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുന്നത്. ഒമാന്റെ ബഹിരാകാശ പദ്ധതി മേഖലയിലെ ബഹിരാകാശ പദ്ധതിയിലേക്കുള്ള പ്രവേശന കവാടമായിരിക്കുമെന്ന് നേരത്തേ ഒമാൻ ഗതാഗത വാർത്താവിനിമയ വിവര സാങ്കേതിക മന്ത്രാലയം പ്രസ്താവിച്ചിരുന്നു.
മസ്കത്ത്: ലോകത്തിലെ ഏറ്റവും ഉയർന്ന ഏഴ് കൊടുമുടികൾ കീഴടക്കുന്ന ആദ്യ ഒമാനി യുവാവായി സുലൈമാൻ ബിൻ ഹമൂദ് അൽ നാബി. പർവ്വതാരോഹനായ ഇദ്ദേഹം അന്റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് വിൻസൺ ഡിസംബർ 24നാണ് കീഴടക്കുന്നത്.
ഇതിനു മുമ്പ് എവറസ്റ്റ്, അക്കോൺകാഗ്വ, ഡെനാലി, കിളിമഞ്ചാരോ, എൽബ്രസ്, കോസ്സിയൂസ്കോ എന്നിവയുടെ മുകളിലും അൽനബാനി എത്തിയിരുന്നു.
മുസന്ദം ഗവർണറേറ്റിലെ സിപ്ലൈനും ഒമാൻ അഡ്വഞ്ചർ സെന്ററും നാടിന് സമർപ്പിച്ചു. ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദിയുടെ കാർമികത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.
ഒമാൻ അഡ്വഞ്ചർ സെന്ററിന്റെ പ്രധാന ഇനങ്ങളിലൊന്നാണ് സിപ്ലൈൻ പദ്ധതി. ജലത്തിനു മുകളിലുടെയുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ സിപ്ലൈൻ എന്ന നിലയിൽ പദ്ധതി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നടന്ന 20 ഉച്ചകോടിയിൽ അതിഥി രാജ്യമായി ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിന്റെ പ്രതിനിധി സംഘത്തെ അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിന്‍ താരിഖ് അല്‍ സഈദ് ആയിരുന്നു നയിച്ചിരുന്നത്.
ദാഹിറ ഗവർണറേറ്റിൽ ഇക്കണോമിക്സോൺ (സാമ്പത്തിക മേഖല) സ്ഥാപിക്കാനുള്ള കരാറിൽ ഒമാനും സൗദി അറേബ്യയും ഒപ്പുവച്ചു. റിയാദിൽ നടക്കുന്ന ഒമാൻ-സൗദി ഇൻവെസ്റ്റ് ഫോറത്തിന്റെ ഭാഗമായാണ് കരാറിലൊപ്പുവെച്ചത്.
ഫലസ്തിനിലെ യുദ്ധ പശ്ചാത്തലത്തിൽ ഇത്തവണ ദേശീയദിനാഘോഷങ്ങൾ പരിമിതപ്പെടുത്തി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉന്നത രക്ഷാകർതൃത്വത്തിൽ പതാക ഉയർത്തുന്നതിലും സൈനിക പരേഡിലും മാത്രമായി ആഘോഷങ്ങൾ ഒതുങ്ങി.
ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ആഘോഷങ്ങൾക്ക് പൊലിമ കുറച്ചത്. സാധാരണ രാജ്യത്തിന്റെ എല്ലാവിധ പ്രൗഢിയും വിളിച്ചോതുന്ന തരത്തിലാണ് ദേശീയ ദിനാഘോഷ പരിപാടികൾ നടക്കാറുള്ളത്.
ഫലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കുന്നതിനും ഗസ്സയിലെ ജനങ്ങൾക്കായി മാനുഷിക ഇടനാഴികൾ തുറക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഒമാൻ വിവിധരാജ്യങ്ങളുമായി ചർച്ചകളും കൂടിയാലോചനകളും നടത്തിയ ഒരു വർഷം കൂടിയായിരുന്നു 2023.
ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഢ്യം സുൽത്താൻ വിവിധ സന്ദർഭങ്ങളിൽ ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. യു.എൻ അടക്കമുള്ള ലോകവേദികളിൽ ഇസ്രായേലിന്റെ നരനായാട്ട് തുറന്നുകാണിക്കാനും ഒമാൻ ശ്രമിച്ചു.ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി ജി.സി.സി. രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി. സമാധാന പ്രക്രിയ പുനരാരംഭിക്കാനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഫലസ്തീനിൽ തുടരുന്ന സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് സഹായഹസ്തവുമായി ഒമാൻ.100 ടൺ ഭക്ഷ്യവസ്തുക്കൾ അഞ്ചു വിമാനങ്ങൾവഴി കയറ്റിയയച്ചു. ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒ.സി.ഒ), കൈറോയിലെ ഒമാൻ എംബസിയുടെയും ഈജിപ്ഷ്യൻ റെഡ് ക്രസന്റിന്റെയും ഏകോപനത്തിൽ ഈജിപ്തിലെ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് സാധനങ്ങൾ കയറ്റിയയച്ചത്.
സലാം എയറിന്റെ കാർഗോ വിമാനങ്ങളിലായിരുന്നു ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്. എയർ ബ്രിഡ്ജിലൂടെ ഇവിയെത്തിച്ച സാധനങ്ങൾ റഫ ക്രോസിങ് വഴി ഫലസ്തീൻ റെഡ് ക്രസന്റിന് കൈമാറി.
ഒമാന്റെ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ അടിച്ച് വീശിയ തേജ് ചുഴലിക്കാറ്റ് വലിയ ആപത്തുകൾ വിതക്കാതെയാണ് കടന്നു പോയത്. ദോഫാറിലെ ചില ഇടങ്ങളിൽ 245 മില്ലീ മീറ്റർ വരെ മഴ ലഭിച്ചിരുന്നുവെങ്കിലും അധികൃതരുടെ ശക്തമായ ഇടപെടലുകൾ മൂലം കാര്യമായ ദുരന്തങ്ങളൊന്നുമുണ്ടായില്ല. തേജ് ചുഴലിക്കാറ്റ് അടിച്ചു വീശുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ് ലഭിച്ച മുതൽ തന്നെ സർക്കാർ സംവിധാനങ്ങൾ മുഴുവൻ ഉണരാൻ തുടങ്ങിയിരുന്നു.
ദോഫാർ ഗവർണറേറ്റിലെ ഓരോ വിലായത്തിലും അതാത് വാലികളുടെ നേതൃത്വത്തിലാണ് കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടന്നത്. പ്രകൃതി ദുരന്തം ബാധിക്കാനിടയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചതും ഏത് അത്യാഹിതത്തെയും നേരിടാനുള്ള സന്നാഹങ്ങൾ ഒരുക്കിയതും അപകട വ്യാപ്തി കുറക്കാൻ സഹായിച്ചു. അതോടൊപ്പം സർക്കാറിന്റെ എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ചതും എടുത്ത് പറയേണ്ടതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.