മസ്കത്ത്: ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീന് സമ്പൂർണാംഗത്വം നൽകുന്നതിനായി കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടതിൽ ഒമാൻ നിരാശ പ്രകടിപ്പിച്ചു. ഫലസ്തീൻ വിഷയത്തിൽ പൂർണവും നീതിയുക്തവുമായ ശ്രദ്ധ നൽകാനും അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളെയും ബഹുമാനിക്കുന്ന തരത്തിൽ എല്ലാവർക്കും ന്യായമായ മാനദണ്ഡങ്ങൾ ബാധകമാക്കാനും രക്ഷാസമിതിയിലെ എല്ലാ അംഗങ്ങളോടും ആവശ്യപ്പെടുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മേഖലയിലും ലോകത്തും സുരക്ഷ, സ്ഥിരത, സമാധാന നിയമങ്ങൾ എന്നിവയുടെ സ്ഥാപനവും സുസ്ഥിരതയും ഉറപ്പാക്കണമെന്നും സുൽത്താനേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഫലസ്തീന് പൂർണാംഗത്വമെന്ന യു.എൻ രക്ഷാ സമിതിയിൽ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്കയാണ് വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയത്. സുരക്ഷസമിതിയിൽ 12 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് അംഗങ്ങൾ നിലപാടെടുത്തില്ല. യു.എസ് പ്രമേയത്തിന് എതിരായി നിലപാടെടുക്കുകയും വീറ്റോ ചെയ്യുകയും ചെയ്തതോടെ ഈ ശ്രമവും പരാജയമായി മാറി.
193 അംഗ യു.എന്നിന്റെ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പ്രമേയം സുരക്ഷ സമിതിയിലെത്തിയത്. യു.എന്നിന്റെ 194ാം അംഗമായി ഫലസ്തീനെ അംഗീകരിക്കണമെന്നായിരുന്നു പ്രമേയത്തിൽ പറഞ്ഞിരുന്നത്. യു.എൻ ജനറൽ അസംബ്ലിയിൽ ഭൂരിപക്ഷം അംഗങ്ങളും ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നതിനാൽ പ്രമേയം പാസാവുമായിരുന്നു. എന്നാൽ, ഇതിന് മുമ്പു തന്നെ യു.എസ് പ്രമേയത്തെ വീറ്റോ ചെയ്തത് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.