മസ്കത്ത്: ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ അവിടത്തെ സർക്കാറിനോടും ജനങ്ങളോടും ഒമാൻ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളോടുള്ള ദുഃഖവും അനുശോചനവും അറിയിക്കുകയാണെന്നും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ജപ്പാനിലെ പടിഞ്ഞാറൻ തീരനഗരമായ ഇഷിക്കാവയിൽ പുതുവർഷദിനത്തിലുണ്ടായ ഭൂകമ്പത്തിൽ 50ന് മുകളിലാളുകളാണ് മരിച്ചത്. ഭൂകമ്പബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തിങ്കളാഴ്ച വൈകീട്ട് റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ആകെ 155 ഭൂചലനങ്ങൾ മേഖലയിൽ അനുഭവപ്പെട്ടതായാണ് ജപ്പാൻ ഭൂകമ്പ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച വൈകീട്ട് നാലിനു ശേഷമാണ് ഇഷിക്കാവ തീരത്ത് തുടർച്ചയായി ഭൂചലനങ്ങൾ വിവിധയിടങ്ങളിൽ അനുഭവപ്പെട്ടത്. തുടർന്ന് ഇഷിക്കാവ, ഹോൻഷു, ഹൊക്കായ്ഡോ ദ്വീപുകളിൽ സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.