മത്ര: റമദാനിലെ പാരമ്പര്യ ആഘോഷമായ ഖറന്‍കശു ശനിയാഴ്ച രാത്രി നടക്കും. റമദാനിന്റെ പതിനഞ്ചാം രാവിലാണ് അറബ് ബാല്യ-കൗമാരങ്ങളുടെ ആഘോഷമായ ഖറൻകശു കൊട്ടിപ്പാടി കൊണ്ടാടാറുള്ളത്. ഏതാണ്ടെല്ലാ അറബ് രാജ്യങ്ങളിലും പാരമ്പര്യ ആഘോഷമെന്ന നിലയില്‍ അന്യംനിന്നുപോകാതെ ഇത്തരം ആഘോഷങ്ങള്‍ അരങ്ങേറാറുണ്ട്. പഴയകാല ആചാരമെന്ന നിലയില്‍ ഒമാന്‍ ഔദ്യോഗികമായിത്തന്നെ പ്രോത്സാഹിപ്പിക്കുന്ന ആഘോഷം കൂടിയാണിത്.
ആഴ്ചകള്‍ക്കു മുമ്പേ ഒമാന്റെ പല ഭാഗങ്ങളിലും ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. വീട്ടുമുറ്റങ്ങള്‍ വര്‍ണവിളക്കുകളാല്‍ അലങ്കരിച്ചിട്ടുണ്ട്. കൊട്ടിപ്പാടിവരുന്ന ഖറൻകശു സംഘത്തിന് സമ്മാനങ്ങള്‍ നല്‍കാനായി ആഴ്ചകള്‍ക്കു മുമ്പേതന്നെ ഗൃഹനാഥന്മാര് മാര്‍ക്കറ്റുകളില്‍ എത്തിയിരുന്നു. ഇത്തരം സാധനങ്ങള്‍ വിൽക്കുന്ന കടകളില്‍ റമദാന്റെ തുടക്കത്തില്‍തന്നെ തിരക്ക് അനുഭവപ്പെട്ടിരുന്നു.
കുട്ടികള്‍ സംഘമായി വന്ന് വീട്ടുമുറ്റത്തുനിന്ന് പാട്ടുകള്‍ പാടുന്ന രീതികളാണ് ആഘോഷ രീതികള്‍. തകരപ്പാട്ടയില്‍ കല്ലു കൊണ്ട് മുട്ടിയും അറബന, ചെറിയ വാദ്യോപകരണങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചുമാണ് പാട്ടുകള്‍ പാടുക. റമാദാന് പകുതി പിന്നിട്ടെന്ന സന്ദേശവും പെരുന്നാള്‍ പൈസയും മധുരപലഹാരങ്ങളും ആവശ്യപ്പെട്ടുകൊണ്ടുള്ള പാട്ടുകളും കവിതാ ശലകങ്ങളുമാണ് ഗായക സംഘം ഉരുവിടുക. വീട്ടുമുറ്റത്തെത്തിയാല്‍ ഖറന് കശു സംഘങ്ങള്‍ക്ക് മധുരപലഹാരങ്ങളും ഹദിയയും വീട്ടുടമകള്‍ നല്‍കും. റസിഡന്‍ഷ്യന്‍ മേഖലകളില്‍ കുട്ടികള്‍ക്കായി വിവിധ കലാമത്സര പരിപാടികളും അരങ്ങേറാറുണ്ട്. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി ഇത്തരം ആഘോഷപരിപാടികൾ ഇല്ലാതെയാണ് റമദാന് 14ാം രാവ് കടന്നുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.