മസ്കത്ത്: ഹമാസ് മേധാവി ഖാലിദ് മിശ്അലുമായി ഫോണിൽ സംസാരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി. ഇറാനിലെ തെഹ്റാനിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗസ്സയുടെ ഭരണത്തലവനും ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനുമായ ഇസ്മാഈൽ ഹനിയ്യയുടെ നിര്യാണത്തിൽ അനുശോചനമറിയിക്കുകയും ഉറച്ച പിന്തുണ നൽകുകയും ചെയ്തു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചതിലും സ്വതന്ത്ര രാഷ്ട്രത്തിനായി നടത്തിയ പോരാട്ടത്തിലും ഇസ്മാഈൽ ഹനിയ്യയുടെ പങ്കിനെ അദ്ദേഹം അനുസ്മരിച്ചു.
നീതിപൂർവവും സമഗ്രവുമായ സമാധാനം കൈവരിക്കാനും ഫലസ്തീൻ ജനതയുടെ അവകാശമായ ജറുസലം തലസ്ഥാനമാക്കി ഫലസ്തീന് സ്വതന്ത്രരാഷ്ട്ര നിർമാണത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു. ഹമാസ് വെടിനിർത്തൽ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിൽ തന്നെയുണ്ടായ കൊലപാതകം മധ്യസ്ഥതയെയും സമാധാന ശ്രമങ്ങളെയും ദുർബലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീനായുള്ള ഒമാന്റെ പിന്തുണക്കും സുൽത്താനേറ്റിന്റെയും ജനങ്ങളുടെയും ചേർത്തുനിർത്തലിനും ഖാലിദ് മിശ്അൽ നന്ദിയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.