മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തിലെ ഗ്രൂപ് ഡിയിലെ അവസാന കളിയിൽ ഒമാന്‍ സമനില. ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ കിർഗിസ്താനും ഒമാനും ഓരോ ഗോൾ വീതം അടിച്ച് പിരിയുകയായിരുന്നു. ഇതോടെ ഗ്രൂപ് ചാമ്പ്യൻമാരായി ഒമാൻ മൂന്നാം റൗണ്ടിൽ കടന്നു. രണ്ടാം സ്ഥാനത്തുള്ള കിർഗിസ്താനും അടുത്ത് റൗണ്ടിലേക്കുള്ള സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ആറു കളിയിൽനിന്ന് 13 പോയന്റുമായാണ് ഒമാൻ മൂന്നം റൗണ്ടിലേക്ക് കടന്നത്. ഇത്രയും കളിയിൽനിന്ന് കിർഗിസ്താൻ 11പോയന്റാണുള്ളത്.
ആദ്യ പകുതിയിൽ കൊണ്ടും കൊടുത്തുമായിരുന്നു ഇരു ടീമുകളും മുന്നേറിയത്. ഇടതുവലതു വിങ്ങുകളിലൂടെയുള്ള ആക്രമണത്താൽ പലപ്പോഴും ഇരു ടീമുകളുടെയും ഗോൾ മുഖം വിറക്കുകയും ചെയ്തു. ഒടുവിൽ ഗ്രൗണ്ടിൽ തടിച്ച് കൂടിയിരുന്ന ഒമാനി കാണികളെ നിശബ്ദരാക്കി 19ാം മിനുറ്റിൽ കിർഗിസ്താൻ ലീഡെടുത്തു. കോർണർ കിക്കിലൂടെ ലഭിച്ച പന്ത് വളരെ മനോഹരമായി എൽദിയാർ സരിപ്ബെക്കോവ് പോസ്റ്റിലേക്ക് ചെത്തിവിടുകയായിരുന്നു. സമനില പിടിക്കാൻ പിന്നീട് ഒമാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ 57ാം മിനിറ്റിൽ ലഭിച്ച സെൽഫ് ഗോൾ ഒമാന്‍ ആശ്വാസമായി. എർസാൻ ടോകോട്ടയേവിന്റെ വകയായിരുന്നു സെൽഫ് ഗോൾ. തുടർന്ന് ഇരു ടീമുകളും വിജയത്തിനായി ശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.