മസ്കത്ത്: സീബ് വിലായത്തിലെ അൽഖൂദിലെ ഒമാൻ ബൊട്ടാണിക് ഗാർഡനിലേക്കുള്ള റോഡ് വികസിപ്പിക്കുന്നതിനായി മസ്കത്ത് മുനിസിപ്പാലിറ്റി. ഇതിനായി ടെൻഡർ ക്ഷണിച്ചതായി അധികൃതർ അറിയിച്ചു. സ്പെഷൽ ടാസ്ക് ഫോഴ്സ് റൗണ്ട് എബൗട്ടിനെ ഒമാൻ ബൊട്ടാണിക് ഗാർഡൻ റൗണ്ട് എബൗട്ടുമായി ബന്ധിപ്പിക്കുന്ന 1.5 കിലോമീറ്റർ ദൂരമാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഗാർഡനിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് ബാരിയർ റെയിലിങ്ങുകൾക്ക് (സംരക്ഷിത കവചം) പുറമേ, ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ദ്വിതീയ റോഡുകളുടെ ശൃംഖല, ഉപരിതല ജല ഡ്രെയിനേജ് സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കും.
ഒമാൻ ബൊട്ടാണിക് ഗാർഡന്റെ 90 ശതമാനം നിർമാണവും പൂർത്തിയായതിനാൽ ഈ വർഷം പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് പൈതൃക-ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി അറിയിച്ചിട്ടുള്ളത്. അഞ്ച് ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഒമാൻ ബൊട്ടാണിക് ഗാർഡനിൽ അഞ്ച് പ്രധാന കെട്ടിടങ്ങളുണ്ട്. ദോഫാർ പർവതനിരകളുടെ ഹരിതഗൃഹം (ഗ്രീൻ ഹൗസ്), വാഹന പാർക്കിങ് കെട്ടിടം, പുനഃരുപയോഗ ഊർജ കേന്ദ്രം, പരിസ്ഥിതി കേന്ദ്രം, സന്ദർശക കേന്ദ്രം, വി.ഐ.പി കെട്ടിടം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. 860 മീറ്റർ നീളമുള്ള കേബിൾ കാർ ലൈനുകൾ ഏകദേശം പൂർത്തിയായി. ഇത് സന്ദർശകരെ അഞ്ച് മിനിറ്റിനുള്ളിൽ ഗാർഡനിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണാൻ പ്രാപ്തരാക്കും. ഏകദേശം 500 പാർക്കിങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. അതിന്റെ നിർമാണവും പൂർത്തിയായി. ഹാജർ പർവതനിരകളുടെ ഹരിത ഗൃഹത്തെയും ദോഫാർ പർവതനിരകളുടെ ഹരിത ഗൃഹത്തെയും ബന്ധിപ്പിക്കുന്ന താൽക്കാലിക കാൽനട പാലവും ഗാർഡനിലുണ്ടാകും.
തലസ്ഥാന നഗരമായ മസ്കത്തിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള സീബ് വിലായത്തിലെ അൽ ഖൂദിൽ 423 ഹെക്ടറിൽ മലനിരകൾക്കും വാദികൾക്കും ഇടയിലായാണ് ബോട്ടാണിക് ഗാർഡൻ ഒരുങ്ങുന്നത്. 700ഓളം എൻജിനീയർമാരുടെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. ഒമാനിന്റെ സസ്യ വൈവിധ്യങ്ങൾക്ക് സുസ്ഥിര ഭാവി ഒരുക്കുന്നതിനൊപ്പം ജൈവ സമ്പത്ത് കാത്തുസൂക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ബോട്ടാണിക് ഗാർഡൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒമാനിന്റെ തനത് സസ്യവൈവിധ്യങ്ങളെ കണ്ടെത്തി കൃഷി ചെയ്ത്, സംരക്ഷിക്കുന്നതും അതുവഴി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.