മസ്കത്ത്: പ്രാദേശികമായി മരുന്നുകൾ ഉൽപാദിപ്പിക്കാനും ഈ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നു. നിലവിലെ മരുന്ന് ഇറക്കുമതി കുറക്കാൻ ലക്ഷ്യമിട്ട് നിരവധി മരുന്ന് ഉൽപാദന ഫാക്ടറികൾ സ്ഥാപിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്തിന് ആവശ്യമായ 90 ശതമാനം മരുന്നുകളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്ത് ആവശ്യമായ 30 ശതമാനം മരുന്നുകൾ ആഭ്യന്തരമായി ഉൽപാദിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ പദ്ധതി. ലോക വിപണിയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് പകരം കണ്ടെത്തി അതുവഴി രാജ്യത്തെ മരുന്ന് വിതരണം ശക്തിപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നത്.
രാജ്യത്തിന്റെ മരുന്ന് സുരക്ഷയും മരുന്ന് സ്റ്റോക്കും ശക്തിപ്പെടുത്താൻ മന്ത്രാലയം ശ്രമങ്ങളാരംഭിച്ചതായി മെഡിക്കൽ വിതരണം വിഭാഗം ഡയറക്ടർ ജനറൽ ഇബ്റാഹീം ബിൻ നാസർ അൽ റാഷ്ദി പറഞ്ഞു. ജീവൻ സുരക്ഷ മരുന്നുകളടക്കമുള്ളവയുടെ ശേഖരണം ആരംഭിച്ച മേഖലയിലെ ആദ്യ രാജ്യമാണ് ഒമാൻ. അടിയന്തിര ഘട്ടങ്ങളിലും പകർച്ചവ്യാധി മൂലം പ്രശ്നമുണ്ടാവുന്ന സമയത്തും ഈ മരുന്നുകൾ ഉപയോഗപ്പെടുത്താനുള്ള പദ്ധതി 1980 മുതലാണ് ഒമാൻ ആരംഭിച്ചത്.
രാജ്യത്തെ ജനസംഖ്യ വർധിക്കുന്നതിനുസരിച്ച് ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റഫറൽ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും അടക്കം 280 ഹെൽത്ത് കെയർ സ്ഥാപനങ്ങൾ ഒമാനിലുണ്ട്. ഇവിടെ 12000 പരം ഇനം മരുന്നുകളും ആരോഗ്യ ഉപകരണങ്ങളും ലഭ്യമാണ്. എന്നാൽ മരുന്ന് ഉപയോഗം അപ്രതീക്ഷിതമായി വർധിച്ചതിനാൽ വിതരണത്തിൽ ആഗോള അടിസ്ഥാനത്തിൽ തടസ്സവും കാലതാമസവും നേരിടുന്നുണ്ട്.
ഇത് മരുന്ന് റിസർവിൽ കമ്മിക്കും കാരണമാക്കിയിട്ടുണ്ട്. ഇതിന് ബ്രിട്ടൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് മരുന്നുകൾ അടിയന്തിര അടിസ്ഥാനത്തിൽ ഇറക്കുമതി ചെയ്ത് സ്റ്റോക്ക് വർധിപ്പിക്കാനും പദ്ധതിയുണ്ട്.
നിലവിൽ മൂന്ന് മരുന്ന് ഫാക്ടറികളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. രാജ്യത്തിനാവശ്യമായ പത്ത് ശതമാനം മരുന്നെങ്കിലും ഇവിടെ ഉൽപാദിപ്പിക്കാനും കഴിയും. സലാല, നിസ്വ എന്നിവിടങ്ങളിലെ ഫാക്ടറികൾ ഈ വർഷാവസാനത്തോടെ ഉദ്ഘാടനം ചെയ്യും. ബർകയിലെ ഖസാഇനിലെ മൂന്നാമത്തെ ഫാക്ടറി ഉൽപാദനം ആരംഭിക്കാൻ ഒരുങ്ങുകയാണ്.
മരുന്ന് മേഖലയിൽ നിക്ഷേപം ഇറക്കാൻ നിരവധി പേർ താൽപര്യം കാണിക്കുന്നുണ്ട്. സലാലയിലും മസ്കത്തിലും നിലവിൽ മരുന്ന് ഉത്പാദന ഫാക്ടറികളുണ്ട്. ഇവിടെ ജൈവ മരുന്നുകൾ ഉൽപാദനത്തിനുള്ള കമ്പനികൾ സ്ഥാപിക്കാനും മന്ത്രാലയം ശ്രമിക്കുന്നുണ്ട്. റുസൈലിൽ മെനാഗൻ ഫാർമസിക്കൽ ഫാക്ടറിയും ഉൽപാദന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഹൃദ് രോഗമടക്കം അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾ ഉൽപാദിപ്പിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഫാക്ടറികളിൽ ഒന്നായിരിക്കുമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.