മസ്കത്ത്: ഫലസ്തീനോടുള്ള ഒമാന്റെ ഐക്യദാർഢ്യം വീണ്ടും ആവർത്തിച്ച് പറഞ്ഞ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. കഴിഞ്ഞ ദിവസം ബർക കൊട്ടാരത്തിൽ നടന്ന മന്ത്രിസഭായോഗത്തെ അഭിമുഖീകരിക്കുകയായിരുന്നു സുൽത്താൻ. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശ നിയമങ്ങളും അനുസരിച്ച് തടവിലാക്കിയവരെ മോചിപ്പിക്കണം.
സാധാരണക്കാരെ സംരക്ഷിക്കാനും അവരുടെ മാനുഷിക ആവശ്യങ്ങൾ ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും സുൽത്താൻ ഊന്നി പറഞ്ഞു. ഗസ്സയിലും ഫലസ്തീൻ ഭൂഭാഗങ്ങളിലുമുള്ള കൈയേറ്റം മാറ്റുന്നതിനെ സുൽത്താൻ പിന്തുണച്ചു.
ഫലസ്തീനികൾക്ക് അവരുടെ ഭൂമിയിൽ എല്ലാ അവകാശങ്ങളും സാധ്യമാവാനുള്ള സമാധാന ശ്രമങ്ങൾ തുടരണം. ജറൂസലം തലസ്ഥാനമായും 1967ൽ നിശ്ചയിച്ച അതിർത്തി അനുസരിച്ച് സ്വതന്ത്ര സ്റ്റേറ്റ് സ്ഥാപിക്കുകയും വേണം. രണ്ട് സ്റ്റേറ്റ് എന്ന പ്രശ്ന പരിഹാരനടപടിയുടെ അടിസ്ഥാനത്തിലായിരിക്കണം ഇത്. ഐക്യരാഷ്ട്ര സഭയുടെ തീരുമാനം നടപ്പാക്കാൻ അറബ് ലോകം മുൻകൈയെടുക്കുമെന്നും സുൽത്താൻ ആവശ്യപ്പെട്ടു.
ഒമാനിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് സിറ്റി സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കണമെന്നും സുൽത്താൻ യോഗത്തിൽ നിർദേശിച്ചു.ഇവിടെ അന്താരാഷ്ട്ര തലത്തിലും മേഖല തലത്തിലുമുള്ള കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയണം. ബാത്തിന തീരദേശ ഹൈവേ പദ്ധതി നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുകയും ഇതു സംബന്ധമായ നഷ്ടപരിഹാര തുക ഈ വർഷം അവസാനത്തിന് മുമ്പ് നൽകുകയും വേണമെന്ന് സുൽത്താൻ നിർദേശിച്ചു.
ഒട്ടകയോട്ട മത്സരവേദികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ഗവർണറേറ്റുകളിൽ കൂടുതൽ ഓട്ട മത്സര ട്രാക്കുകൾ നിർമിക്കുകയും വേണം. ഒമാനി ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനും സുൽത്താൻ അംഗീകാരം നൽകി.കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിലെ രാജ്യത്തിന്റെ സാമ്പത്തിക പ്രകടനത്തിൽ സുൽത്താൻ സംതൃപ്തി രേഖപ്പെടുത്തി. ഇത് രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം വളരുന്നതിനും സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിനും കാരണമാക്കി. യോഗത്തിൽ വിവിധ മന്ത്രിമാർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.