മസ്കത്ത്: സംയുക്ത നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ഒമാനും സൗദിയും ധാരണയായി. മസ്കത്തിൽ തിങ്കളാഴ്ച നടന്ന ഒമാൻ-സൗദി നിക്ഷേപക ഫോറത്തിൽ ഒമാൻ വാണിജ്യ-വ്യവസായ-നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫും സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഫാലിഹുമാണ് ഇതു സംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചത്.
ഇരു രാജ്യങ്ങളിലെയും സർക്കാർ, സ്വകാര്യ മേഖലകൾ തമ്മിലുള്ള സാമ്പത്തികവും വാണിജ്യപരവുമായ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഫോറം സംഘടിപ്പിച്ചത്.
വാണിജ്യ സഹകരണം വർധിപ്പിക്കുന്നതിനൊപ്പം പരിചയസമ്പത്ത് കൈമാറുക, ഒമാൻ വിഷൻ-2040ഉം സൗദി വിഷൻ-2030ഉം പ്രകാരം പ്രത്യേക പങ്കാളിത്തം വളർത്തിയെടുക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്.
അൽ വുസ്ത ഗവർണറേറ്റിലെ അൽ ജാസറിൽ ചെമ്മീൻ കൃഷി സംരംഭം തുടങ്ങാനും കരാർ ഒപ്പിട്ടു. ഒമാൻ ഫിഷറീസ് ഡെവലപ്മെൻറ് കമ്പനിയും സൗദി അറേബ്യയിലെ നാഷനൽ അക്വാകൾചർ ഗ്രൂപ്പും സംയുക്തമായാണ് കേന്ദ്രം ആരംഭിക്കുക. 1650 ഹെക്ടറിലാണ് കമ്പനി സ്ഥാപിക്കുക. പ്രതിവർഷം 18,000 ടൺ ആയിരിക്കും ഉൽപാദന ശേഷി.
ഒമാൻ-വ്യവസായ വാണിജ്യ നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫും സൗദി നിക്ഷേപക മന്ത്രി എൻജിനീയർ ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഫലാഹും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളുടെയും താൽപര്യങ്ങൾ മുൻനിർത്തിയുള്ള വാണിജ്യ നിക്ഷേപക സഹകരണത്തിെൻറയും നിക്ഷേപാവസരങ്ങളുടെ സാധ്യതകളെ കുറിച്ചും മന്ത്രിമാർ ചർച്ച നടത്തി. കാർഷിക-ഫിഷറീസ് മന്ത്രിയുമായും സൗദി സംഘം കൂടിക്കാഴ്ച നടത്തി. ഭക്ഷ്യസുരക്ഷയടക്കം വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.