മസ്കത്ത്: ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളെ തരംതിരിക്കുന്ന പട്ടികയിൽ മികച്ച സ്ഥാനവുമായി ഒമാൻ. മിഡിലീസ്റ്റ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ‘മിന’ മേഖലയിൽ മൂന്നാം സ്ഥാനത്താണ് ഒമാൻ. ഒന്നാം സ്ഥാനത്ത് ഖത്തറും രണ്ടാം സ്ഥാനത്ത് കുവൈത്തുമാണുള്ളത്.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐ.ഇ.പി) പുറത്തിറക്കിയ ആഗോള സമാധാന സൂചിക (ജി.പി.ഐ) 17ാമത് പതിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജോർഡന്, യു.എ.ഇ എന്നിവയാണ് തൊട്ടുപിന്നില്‍. തുനീഷ്യ, മൊറോക്കോ, അൽജീരിയ, ബഹ്റൈന്‍, സൗദി അറേബ്യ എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മേഖലയിൽ നിന്നുള്ള മറ്റു രാജ്യങ്ങൾ.
അതേസമയം, മിന മേഖലയില്‍ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം യുദ്ധങ്ങളും കലാപങ്ങളും നിറഞ്ഞ യമനാണ്.
സാമൂഹിക സുരക്ഷ, ആഭ്യന്തര-രാജ്യാന്തര കലാപങ്ങളുടെ തോത്, സൈനികവത്കരണം എന്നീ മൂന്നു പ്രധാന ഘടകങ്ങള്‍ ആസ്പദമാക്കിയാണ് രാജ്യങ്ങളിലെ സമാധാനത്തിന്റെ ഇൻഡക്സ് നിർണയിക്കുന്നത്. ഐസ്ലൻഡാണ് ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യം. ഡെന്മാർക്, അയർലൻഡ്, ന്യൂസിലൻഡ്, ഓസ്ട്രിയ, സിംഗപ്പൂർ, പോർചുഗൽ, സ്ലൊവീനിയ, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നിവരാണ് ആദ്യ പത്തിലുള്ളവർ. പട്ടികയിൽ 126-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
അന്താരാഷ്ട്ര തലത്തിൽ ഏറ്റവും പിറകിലുള്ളത് അഫ്ഗാനിസ്താനാണ് (163-ാം റാങ്ക്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.