മസ്കത്ത്: ഒമാനിൽ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച പുതിയ വിസ അനുവദിക്കൽ സെപ്റ്റംബർ ഒന്ന് മുതൽ പുനരാരംഭിക്കുമെന്ന് പൊലീസ് ആൻറ് കസ്റ്റംസ് ഓപറേഷൻസ് അസി. ഇൻസ്പെക്ടർ ജനറൽ മേജർ ജനറൽ അബ്ദുല്ല അൽ ഹാർത്തി പറഞ്ഞു. സുപ്രീം കമ്മിറ്റി നിർദേശപ്രകാരമാണ് നടപടി.
രണ്ട് ഡോസ് വാക്സിൻ അടക്കം സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ച് പുതിയ വിസയിലുള്ളവർക്ക് ഒമാനിലേക്ക് വരാം. ഇതോടൊപ്പം ഈ വർഷം ജനുവരി മുതൽ അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി നീട്ടി നൽകിയിട്ടുണ്ട്. കാലാവധി നീട്ടിയതിന് പ്രത്യേക ഫീസ് ചുമത്തില്ല. രാജ്യത്തിന് പുറത്തുള്ളവർക്ക് ആർ.ഒ.പി വെബ്സൈറ്റിൽ കയറിയാൽ കാലാവധി നീട്ടിയത് മനസിലാക്കാൻ സാധിക്കും.
ആറുമാസത്തിലധികം സമയം രാജ്യത്തിന് പുറത്തുള്ളവർക്ക് സ്പോൺസറുടെ അപേക്ഷയിലാണ് പ്രവേശനാനുമതി നൽകുക. ഇതിനായുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്നും മേജർ അബ്ദുല്ല അൽ ഹാർത്തി പറഞ്ഞു.
വിദേശികളുടെ വിസ പുതുക്കുന്നതിന് ഒരു ഡോസ് വാക്സിൻ സ്വീകരിക്കുന്നത് നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ. സൈഫ് അൽ അബ്രിയും പറഞ്ഞു. ഒക്ടോബർ ഒന്നുമുതൽ സ്വദേശികളും വിദേശികളും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നത് നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.