മസ്കത്ത്: സുൽത്താനേറ്റിന്റെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്ന പ്രമോഷനൽ കാമ്പയിന് ഇന്ത്യയിൽ തുടക്കമായി. പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹി, ജയ്പുർ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് പരിപാടി. ഈ മാസം അവസാനംവരെ തുടരും. ഒമാനും ഇന്ത്യയും തമ്മിലുള്ള നിലവിലെ ബന്ധം ശക്തിപ്പെടുത്തുക, സമ്പന്നമായ ഒമാനി ചരിത്ര പൈതൃകം, പ്രകൃതിരമണീയമായ ടൂറിസം സാധ്യതകൾ, വിവാഹങ്ങൾ, ഇവന്റുകൾ, കോൺഫറൻസ്, എക്സിബിഷൻ ടൂറിസം തുടങ്ങി നിരവധി ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനു പുറമെ ആകർഷകമായ സ്ഥലങ്ങളും വൈവിധ്യമാർന്ന അനുഭവങ്ങളും ഉയർത്തിക്കാട്ടുകയുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ സുൽത്താനേറ്റിലേക്ക് വന്ന വിനോദസഞ്ചാരികളുടെ എണ്ണം 1,548,630 ആണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യംചെയ്യുമ്പോൾ 95.1 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞ വർഷം 3,55,459 ഇന്ത്യൻ യാത്രക്കാരാണ് ഒമാൻ സന്ദർശിച്ചത്. 2021ൽ ഇത് 106,042 യാത്രക്കാരായിരുന്നു. രാജ്യത്തേക്ക് വരുന്ന വിനോദ സഞ്ചാരികളിൽ 12.2 ശതമാനവും ഇന്ത്യക്കാരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ടൂറിസം മേഖലയിലെ പങ്കാളികൾക്ക് ഹോട്ടലുകൾ, ടൂർ ഓപറേറ്റർമാർ, എയർലൈനുകൾ, പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികൾ എന്നിവയുൾപ്പെടെ ഒമാനി ടൂറിസം രംഗത്തെ ആളുകളെ ബന്ധപ്പെടാനുള്ള അവസരവും കാമ്പയിനിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
അവതരണങ്ങൾ, സംവേദനാത്മക സെഷനുകൾ, വൺ-ഓൺ-വൺ മീറ്റിങ്ങുകൾ എന്നിവയാണ് കാമ്പയിനിൽ ഉൾപ്പെടുന്നത്. നിലവിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ ബിസിനസ് പങ്കാളിത്തവും സഹകരണവും സ്ഥാപിക്കുന്നതിനും ഒമാനി ടൂറിസം മേഖലയിലെ പുതിയതും വരാനിരിക്കുന്നതുമായ സംഭവവികാസങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ഇന്ത്യൻ ടൂറിസം കമ്പനികൾക്ക് അനുയോജ്യമായ വേദിയായിരിക്കുമിത്. സഞ്ചാരികളെ ആകർഷിക്കാൻ വിവിധ ആഗോള ടൂറിസം വിപണികളിൽ മന്ത്രാലയം നടത്തുന്ന പരിപാടിയുടെ ഭാഗമാണ് കാമ്പയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.