മസ്കത്ത്: ഒമാനിൽ ടൂറിസം മേഖല വളർച്ചയുടെ വഴിയിലെന്ന് കണക്കുകൾ. കഴിഞ്ഞവർഷം രാജ്യത്തെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 4.7 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്. മൊത്തം 33 ലക്ഷം വിദേശികൾ 2017ൽ ഒമാൻ സന്ദർശിച്ചതായി ടൂറിസം മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. സാമ്പത്തിക വൈവിധ്യവത്കരണ നടപടികളുടെ ഭാഗമായി ടൂറിസം മേഖലയിൽ പ്രത്യേകം ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. വിഷൻ 2040, ‘തൻഫീദ്’ പദ്ധതികളുടെ ഭാഗമായി കൈക്കൊണ്ട നടപടികൾ തൊഴിലവസരങ്ങളുടെ വളർച്ച, സാമ്പത്തിക വികസനം, സുസ്ഥിര വളർച്ച എന്നീ വിഭാഗങ്ങളിൽ ടൂറിസം മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാൻ സഹായകരമായിട്ടുണ്ട്. 2040ഒാടെ ഒമാനിൽ അമ്പതു ലക്ഷം സഞ്ചാരികളെ എത്തിക്കുകയാണ് സർക്കാറിെൻറ ലക്ഷ്യം.
ഇതോടൊപ്പം ആഭ്യന്തര ഉൽപാദനത്തിൽ ടൂറിസം മേഖലയുടെ വിഹിതം ആറു ശതമാനമായി ഉയർത്തുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ഇതിെൻറ ഭാഗമായി മസ്കത്ത്, മുസന്ദം, അൽ ഹജർ പർവത നിരകൾ, സലാലയിലെ കുന്തിരിക്ക തോട്ടങ്ങൾ, സാഹസിക സഞ്ചാരികൾക്ക് പ്രിയംകരമായ മരുഭൂ പ്രദേശങ്ങൾ എന്നിവയിൽ ടൂറിസം ക്ലസ്റ്ററുകൾ രൂപവത്കരിക്കാൻ പദ്ധതിയുണ്ട്. സഞ്ചാരികളുടെ എണ്ണം ഇൗ വർഷവും വർധനയുടെ വഴിയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എസ്.ടി.ആർ ഗ്ലോബലിെൻറ റിപ്പോർട്ട് അനുസരിച്ച് ഒമാനിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഹോട്ടലുകളിലെ അതിഥികളുടെ എണ്ണത്തിൽ പത്തു ശതമാനത്തിെൻറ വർധനയുണ്ടായി. മുറികളുടെ ശരാരശരി വാടകയിലും ഇക്കാലയളവിൽ വർധന ഉണ്ടായി. സലാലയിലെ ഹോട്ടലുകളിലും അതിഥികളുടെ എണ്ണത്തിൽ ജനുവരിയിൽ വർധനയുണ്ടായതായി റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.