ഡിസംബറെത്തുന്നു; കുളിരാതെ ഒമാൻ

മസ്കത്ത്: ഡിസംബർ എത്താറായിട്ടും ചൂട് വിട്ടുമാറാതെ ഒമാൻ. ഒമാനിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്നത് ഡിസംബർ, ജനുവരി മാസത്തിലാണ്. കഴിഞ്ഞ വർഷം നവംബർ പത്തോടെതന്നെ ഒമാനിൽ തണുപ്പ് ആരംഭിച്ചിരുന്നു. എന്നാൽ, ഇൗ വർഷം ഡിസംബർ എത്താറായിട്ടും ചൂട് വിട്ടുമാറിയിട്ടില്ല.

തണുപ്പെത്താത്തതിനാൽ വ്യാപാരസ്ഥാപനങ്ങളിൽ വിൻറർ വിൽപനയും ആരംഭിച്ചിട്ടില്ല. തണുപ്പുകാല വസ്ത്രങ്ങളായ ജാക്കറ്റുകളും പുതുപ്പുകളും വിൽപന സജീവമായിട്ടില്ല.

സാധാരണ തണുപ്പുകാലത്തെ വരവേൽക്കാൻ നവംബർ മുതൽതന്നെ ശൈത്യകാല ഉൽപന്നങ്ങളുടെ വ്യാപാരം ആരംഭിക്കാറുണ്ട്. ഹൈപർമാർക്കറ്റുകളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും പുതപ്പ്, ജാക്കറ്റ്, തൊപ്പി തുടങ്ങിയ ഉൽപന്നങ്ങളുടെ വൻ സ്റ്റോക്കുതന്നെ എത്താറുണ്ട്.

എന്നാൽ, ഇൗ വർഷം ഇത്തരം ഉൽപന്നങ്ങൾ കാര്യമായി എത്തുകയോ പ്രദർശിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല. ചില സ്ഥാപനങ്ങൾ വിൻറർ സെയിൽ ആരംഭിച്ചെങ്കിലും തണുപ്പ് ബാധിക്കാത്തതിനാൽ കാര്യമായി വിജയിച്ചിട്ടില്ല. ഇത്തരം ഉൽപന്നങ്ങൾ തണുപ്പ് വർധിക്കുമ്പോൾ മാത്രമാണ് വിറ്റഴിക്കപ്പെടുന്നത്. അടുത്ത മാസത്തോടെ തണുപ്പ് വർധിക്കുമെന്നും അതോടെ വ്യാപാരം ഉഷാറാവുമെന്നുമാണ് വ്യാപാരികൾ പറയുന്നത്.

കഴിഞ്ഞ വർഷം നവംബർ ആദ്യ പത്തിൽതന്നെ ഒമാനിൽ പലയിടത്തും തണുപ്പെത്തിയിരുന്നു. കഴിഞ്ഞ വർഷം നവംബർ ഒമ്പതിന് സൈക്, ജബൽ അഖ്ദർ എന്നിവിടങ്ങളിൽ 12 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. മസ്കത്ത്, സലാല, ബുറൈമി എന്നിവിടങ്ങളിൽ 23 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഒമാനിൽ മൊത്തം 21നും 24നും ഇടക്കായിരുന്നു ശരാശരി താപനില. എന്നാൽ, ഈ വർഷം നവംബർ അവസാനമായിട്ടും പലഭാഗങ്ങളിലും 30 ഡിഗ്രി സെൽഷ്യസാണ് താപനില. മസ്കത്തിൽ നിലവിൽ 28 ഡിഗ്രി സെൽഷ്യസിനും 30നും ഇടയിലാണ് താപനില.

Tags:    
News Summary - Oman weather in December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.