മസ്കത്ത്: ഗസ്സയിലെ താൽക്കാലിക വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഒമാൻ. നിരവധി സിവിലിയൻ തടവുകാരെ കൈമാറ്റം ചെയ്യുന്നതിനും ഗസ്സ മുനമ്പിലേക്ക് കൂടുതൽ മാനുഷിക വാഹനവ്യൂഹങ്ങളും ദുരിതാശ്വാസ സഹായങ്ങളും അനുവദിക്കുന്നതിനുള്ള ഖത്തറിന്റെ പ്രഖ്യാപനത്തെ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. വെടിനിർത്തുന്നതിലേക്ക് നയിച്ച ഖത്തർ-ഈജിപ്ത് സംയുക്ത മധ്യസ്ഥതയെ ഒമാൻ പ്രശംസിക്കുകയും ചെയ്തു.
ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളെ കൈമാറുന്നതിനുമുള്ള കരാർ ഇസ്രായേലും ഹമാസും അംഗീകരിച്ചതായി ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിച്ച ഖത്തറാണ് അറിയിച്ചത്. നാലുദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്ന സമയം 24 മണിക്കൂറിനകം പ്രഖ്യാപിക്കും. ഖത്തറിന്റെ മധ്യസ്ഥതയിൽ ഈജിപ്ത്, അമേരിക്ക എന്നിവരുടെ സഹകരണത്തോടെയാണ് ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ചകൾ പുരോഗമിച്ചത്.
ഗസ്സയിൽ ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട നിരവധി ഫലസ്തീനി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും. താൽക്കാലിക വെടിനിർത്തലിനുപുറമെ, ഈ ദിവസങ്ങളിൽ ഗസ്സയിലേക്ക് ഇന്ധന ട്രക്കുകളും ദുരിതാശ്വാസ വാഹനങ്ങളും പ്രവേശിക്കാൻ അനുവദിക്കും. ഹമാസ് -ഇസ്രായേൽ സന്ധി തയാറാക്കുന്നതിൽ ഇടപെടൽ നടത്തിയ ഈജിപ്തിനെയും അമേരിക്കയെയും ഖത്തർ അഭിനന്ദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.