മസ്കത്ത്: ഖത്തറിൽ നടന്ന പ്രഥമ ഗൾഫ് ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഒമാൻ ജേതാക്കളായി. ദോഹയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ ശക്തരായ യു.എ.ഇയെ അഞ്ചു വിക്കറ്റിന് തകർത്താണ് ഗൾഫ് ട്വന്റി20 കിരീടത്തിൽ സുൽത്താനേറ്റ് മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ നാലു പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ കിരീടത്തിലേക്ക് ബാറ്റേന്തുകയായിരുന്നു.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങി ടീമിനെ മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ ആക്വിബ് ഇല്യാസാണ് െപ്ലയർ ഓഫ് ദ മാച്ച്. ഫൈനലിന്റെ വീറും വാശിയും നിറഞ്ഞുനിന്ന മത്സരത്തിൽ സാമാന്യം ഭേദപ്പെട്ട സ്കോർ തന്നെയാണ് യു.എ.ഇ പടുത്തുയർത്തിയത്. എന്നാൽ, ഒമാന്റെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. സ്കോർബോർഡിൽ 11 റൺസ് ആകുമ്പോഴേക്കും ഓപണർമാരുടെ വിക്കറ്റുകൾ നഷ്ടമായി. പിന്നീട് വന്ന ആക്വിബ് ഇല്യാസിന്റെയും (33 ബാളിൽ 67 റൺസ്), അയാൻഖാൻ (38 ബാളിൽ 53*), ശുഹൈബ്ഖാൻ (22) എന്നിവരുടെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഒമാനെ കിരീടനേട്ടത്തിലേക്കെത്തിച്ചത്.
നാലു സിക്സും എട്ടു ഫോറും അടങ്ങുന്നതാണ് ആക്വിബ് ഇല്യാസിന്റെ ഇന്നിങ്സ്. അയാൻ ഖാൻ നാലു ഫോറും ഉതിർത്തു. ഒമാനുവേണ്ടി ബിലാൽ ഖാൻ, ആക്വിബ് ഇല്യാസ് രണ്ടു വീതവും മുഹമ്മദ് നദീം ഒരു വിക്കറ്റുമെടുത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യു.എ.ഇ മുഹമ്മദ് വസീം (46), ആസിഫ് ഖാൻ (38), ഹാസിൽ ഹമീദ് (36) എന്നിവരുടെ ബാറ്റിങ് മികവാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. മുഹമ്മദ് ജവാദുല്ല, സഹൂർഖാൻ രണ്ടു വീതം വിക്കറ്റും സ്വന്തമാക്കി. ലീഗ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ഒമാൻ യു.എ.ഇയോട് അടിയറവ് പറഞ്ഞിരുന്നു. ഒരുഘട്ടത്തിൽ ടൂർണമെന്റിൽനിന്ന് പുറത്താകുമെന്ന നിലയിലായിരുന്നു ഒമാൻ ടീം. എന്നാൽ, അവസാന മത്സരങ്ങളിൽ തകർപ്പൻ പ്രകടനം നടത്തി കിരീടവുമായാണ് കോച്ച് ദുലീപ് മെൻഡിസിന്റെ കുട്ടികൾ മടങ്ങുന്നത്. കിരീട നേട്ടം ഒമാൻ ക്രിക്കറ്റിന് പുത്തനുണർവ് പകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.