മസ്കത്ത്: മലിനീകരണം സമുദ്രജീവികളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും ബോധവത്കരിക്കാനായി പാഴ് വസ്തുക്കൾകൊണ്ട് മത്സ്യശിൽപം നിർമിച്ച് ഒമാനി കലാകാരന്മാർ. അബ്ദുൽകരീം അബ്ദുല്ല അൽ റവാഹിയും യൂസുഫ് സെയ്ഫ് അൽ റവാഹിയുമാണ് ശാത്തി അൽ ഖുറമിൽ മത്സ്യശിൽപം ഒരുക്കിയത്. വിനോദസഞ്ചാര മേഖലകളിൽ മാലിന്യം തള്ളുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ഒമാൻ എൻവയൺമെന്റൽ ഹോൾഡിങ് സർവിസസ് കമ്പനി കാമ്പയിനിന്റെ ഭാഗമായാണ് ശിൽപം ഒരുക്കിയത്. ഇരുവരും സമാന ആശയത്തിൽ നേരത്തേ തെക്കൻ ശർഖിയയിലെ സൂറിൽ ശിൽപം നിർമിച്ചിരുന്നു.
1000 പ്ലാസ്റ്റിക് കുപ്പികൾ, 170 പ്ലാസ്റ്റിക് പൈപ്പുകൾ, 850 കിലോ ഉപയോഗശൂന്യ ലോഹം എന്നിവയാണ് ഉപയോഗിച്ചത്. 370 സെ. മീറ്റർ ഉയരവും 700 സെ. മീറ്റർ നീളവും 230 സെ. മീറ്റർ വീതിയുമുള്ള ഈ ശിൽപം പൂർത്തിയാക്കാൻ ആറുമാസമെടുത്തു. വിവിധ വിലായത്തുകളിൽ ശിൽപം പ്രദർശിപ്പിക്കും. നിറമുള്ള പ്ലാസ്റ്റിക് കുപ്പികളും മത്സ്യബന്ധന വലകളും ബീച്ചുകളിൽനിന്നാണ് ശേഖരിച്ചതെന്ന് അബ്ദുൽകരീം പറഞ്ഞു. പരിസ്ഥിതി അവബോധം പ്രചരിപ്പിക്കാൻ മറ്റുള്ളവരും മുന്നോട്ടു വരണമെന്ന് അബ്ദുൽകരീം പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം മൂലം ഓരോ വർഷവും ഒരു ദശലക്ഷത്തിലധികം കടൽപക്ഷികൾ, 100,000 കടൽ സസ്തനികൾ, കടലാമകൾ, മത്സ്യങ്ങൾ എന്നിവ ലോകത്തുനിന്ന് നഷ്ടപ്പെടുന്നതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.