മസ്കത്ത്: കോവിഡിനെ പ്രതിരോധിക്കാനും എണ്ണവിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും ഒമാൻ കൈക്കൊണ്ടുവരുന്ന നടപടികൾക്ക് അന്താരാഷ്ട്ര നാണ്യനിധിയുടെ (െഎ.എം.എഫ്) പ്രശംസ. 2021 -25 കാലഘട്ടത്തിലേക്കായി പ്രഖ്യാപിച്ച ഇടക്കാല സാമ്പത്തിക പരിഷ്കരണ പദ്ധതി എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിന് ഒപ്പം ധനകമ്മി ഒഴിവാക്കുന്നതുമാണ് ലക്ഷ്യമിടുന്നതെന്ന് െഎ.എം.എഫ് റിപ്പോർട്ടിൽ പറയുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്ക് രൂപം നൽകി. എണ്ണ, വാതക മേഖലയിലെ സർക്കാർ നിക്ഷേപങ്ങൾ നിയന്ത്രിക്കാനും ധനലഭ്യത ഉറപ്പാക്കുന്നതിനുമായി എനർജി ഡെവലപ്മെൻറ് ഒമാനും രൂപം നൽകി. സാമ്പത്തിക പരിഷ്കരണ പദ്ധതികൾ വിജയത്തിലെത്തുന്നത് ധന സുസ്ഥിരതക്കും ധന ലഭ്യത ഉറപ്പാക്കുന്നതിനും നിക്ഷേപകർക്ക് ആത്മവിശ്വാസം പകരുന്നതിനും വഴിയൊരുക്കും.
പുറമെ പൊതുധന സ്രോതസ്സുകളുടെ ഘടനാപരമായ ദൗർലഭ്യം കുറക്കാനും എണ്ണവരുമാനത്തോടുള്ള ആശ്രിതത്വം കുറക്കാനും പരിഷ്കരണ നടപടികൾ സഹായിക്കും. ഇൗ വർഷത്തെ പൊതു ബജറ്റിൽ ഇൗ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ നിർദേശങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഭരണതലത്തിലെ മാറ്റങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്തൽ, തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട നിയമങ്ങളിലെ അയവ്, ശക്തമായ സാമൂഹിക സുരക്ഷാ സംവിധാനം തുടങ്ങി ഘടനാപരമായ നവീകരണങ്ങളും ഇൗ ലക്ഷ്യം മുൻനിർത്തിയുള്ളതാണ്.
സാമ്പത്തിക വൈവിധ്യവത്കരണം, സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, പൊതുധന സുസ്ഥിരത തുടങ്ങിയവക്ക് പിന്തുണയേകുന്നതിനായി ഇത്തരം ഘടനാപരമായ മാറ്റങ്ങൾ അനിവാര്യമാണെന്നും െഎ.എം.എഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വാക്സിനേഷന് ഒപ്പം സാമൂഹിക അകലമടക്കം നിയന്ത്രണങ്ങളിലെ ഇളവുകളുമെല്ലാം വരുന്നതോടെ ആഭ്യന്തര ഉൽപാദനത്തിൽ എണ്ണയിതര മേഖലയുടെ പങ്കാളിത്തം ഇൗ വർഷം ഒന്നര ശതമാനമായി ഉയരും. 2026ഒാടെ ഇത് ആറ് ശതമാനമാകുമെന്നും െഎ.എം.എഫ് റിപ്പോർട്ട് പറയുന്നു.
കോവിഡിനെ പ്രതിരോധിക്കുന്നതിനായി കൈക്കൊണ്ട നടപടികളും പ്രശംസാർഹമാണെന്ന് െഎ.എം.എഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പ്രതിരോധ -മുൻകരുതൽ നടപടികളും മറ്റും മൂലം കഴിഞ്ഞ വർഷം അവസാനത്തോടെ കോവിഡ് നിയന്ത്രിക്കാൻ സാധിച്ചു.
എന്നാൽ, സാമൂഹിക അകലമടക്കം നടപടികൾ കഴിഞ്ഞ വർഷം സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ ആഘാതമുണ്ടാക്കിയതായും െഎ.എം.എഫ് റിപ്പോർട്ടിൽ പറയുന്നു. നിർമാണ മേഖല, ഹോട്ടൽരംഗം, ഹോൾസെയിൽ -റീട്ടെയിൽ മേഖല എന്നിവയെയാണ് കോവിഡ് ഏറ്റവുമധികം ബാധിച്ചത്. ആവശ്യക്കാർ കുറഞ്ഞതിനെ തുടർന്ന് പണപ്പെരുപ്പം നെഗറ്റിവ് തലത്തിലേക്ക് നീങ്ങി. വിദേശികൾക്ക് വൻതോതിൽ ജോലി നഷ്ടമായി. 15.7 ശതമാനം വിദേശികളാണ് ജന്മനാടുകളിലേക്ക് മടങ്ങിയതെന്നും റിപ്പോർട്ടിൽ കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.