മസ്കത്ത്: 2020 ലെ പ്രയാസകരമായ ഘട്ടത്തിനുശേഷം ഒമാൻ സാമ്പത്തികവ്യവസ്ഥ ശക്തിപ്രാപിക്കുന്നതായി ലോക ബാങ്ക്. മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞതും എണ്ണ ഉൽപാദനം വർധിച്ചതും സർക്കാറിന്റെ വിപുലമായ സാമ്പത്തിക പരിഷ്കാരങ്ങളുമാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് ഈവർഷം ഏപ്രിലിലെ ജി.സി.സി സാമ്പത്തിക റിപ്പോർട്ടിൽ ലോക ബാങ്ക് വ്യക്തമാക്കുന്നു. വാറ്റ്, 2022 മുതൽ ചെലവുചുരുക്കൽ പരിഷ്കരണങ്ങൾ കാരണം രാജ്യത്തെ കമ്മി ബജറ്റ് മിച്ച ബജറ്റിലേക്കാണ് നീങ്ങുന്നത്. മഹാമാരിയുടെ പാർശ്വഫലങ്ങൾ കുറഞ്ഞത്, എണ്ണവിലയിലെ വർധന, എണ്ണ ഉൽപാദനം കൂടിയത്, എണ്ണയിതര വരുമാനം വർധിച്ചത്, ചെലവു ചുരുക്കി സാമ്പത്തികമേഖല ശക്തിപ്പെടുത്തിയതടകമുള്ള കാര്യങ്ങളാണ് രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. കഴിഞ്ഞവർഷം 2.1 ശതമാനമായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക വളർച്ച. കഴിഞ്ഞ വർഷം എണ്ണയിൽനിന്നുള്ള ആഭ്യന്തര സാമ്പത്തിക വളർച്ച 2.2 ശതമാനമായും വർധിച്ചിരുന്നു. എണ്ണയിതര മേഖലകളിൽനിന്നുള്ള ആഭ്യന്തര സാമ്പത്തിക വളർച്ചയും രണ്ടുശതമാനം കൂടിയിരുന്നു. വാക്സിനേഷൻ കാരണം രാജ്യത്തിലെ വിനോദസഞ്ചാരം, ചില്ലറ വ്യാപാര മേഖല തുടങ്ങിയവയിൽ വളർച്ചയുണ്ടായി. 2020 ലുണ്ടായ പണപ്പെരുപ്പം കുറയാനും പരിഷ്കരണങ്ങൾ വഴിയൊരുക്കി.
ക്രമേണ സാമ്പത്തികമേഖല കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന എണ്ണവിലയും എണ്ണ, പ്രകൃതി വാതകങ്ങളുടെ ഉൽപാദന വർധനവും സാമ്പത്തിക മേഖലക്ക് അനുഗ്രഹമാവും. ഈ മേഖലയിൽ ഈവർഷം അഞ്ചു ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഗസീർ, ഖസ്സാൻ എന്നിവിടങ്ങളിൽ എണ്ണ, പ്രകൃതി വാതകങ്ങളുടെ ഉൽപാദനം ആരംഭിച്ചത് എണ്ണ ഉൽപാദനം വർധിക്കാൻ കാരണമാവും. എണ്ണയിതര ഇനത്തിൽ രണ്ടു ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ടുവർഷത്തിൽ ഇടത്തരം മേഖലകളിൽ 2.7 ശതമാനം വളർച്ചയാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ടുവർഷ എണ്ണ പ്രകൃതിവാതകങ്ങളിൽ നിന്നുള്ളതായിരിക്കും രാജ്യത്തിന്റെ ഏറ്റവും വലിയ വരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.