മസ്കത്ത്: ലോകത്തിെല മികച്ച 30 കടൽത്തീരങ്ങളിൽ സലാല ബീച്ചും ഇടംേനടി. കോണ്ടെനെസ്റ്റ് ട്രാവലർ മാഗസിനാണ് സലാല ബീച്ചിനെ മികച്ച കടൽത്തീരങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയതെന്ന് പൈതൃക ടൂറിസം മന്ത്രാലയം അറിയിച്ചു. സലാല മുഗ്സൈൽ ബീച്ചിനെ പ്രത്യേകമായി പ്രതിപാദിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇവിടത്തെ പ്രത്യേകതരം മണലുകൾ, ഉണങ്ങിയ കുന്തിരിക്ക മരങ്ങൾ, ദൃശ്യസുന്ദരമായി വെള്ളം ഉയർന്ന് ചീറ്റുന്ന പാറയിടുക്കിലെ ദ്വാരങ്ങൾ എന്നിവ സഞ്ചാരികൾക്ക് മനോഹരമായ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. അടിച്ചുകയറുന്ന കടൽജലം ഉജ്ജ്വല ശബ്ദത്തോടെ കരയെ വിറപ്പിക്കുമെന്നും മാഗസിൻ വിശേഷിപ്പിക്കുന്നു. ചെങ്കുത്തായ ചുണ്ണാമ്പ് പാറകൾ അതിരിടുന്ന നാലുമൈൽ ദൂരമുള്ള തീരത്ത് കടൽജലം അടിച്ചുകയറുന്നത് മനോഹര കാഴ്ചയാണ്.
അസ്തമയ ശോഭയുടെ വർണഭംഗിയിൽ മത്സ്യത്തൊഴിലാളികൾ പരമ്പരാഗത തോണികളിൽ കരയണയുന്ന കാഴ്ച അതിലേറെ മനോഹരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒമാെൻറ തെക്കെ അറ്റമായ ദോഫാർ മേഖല നിരവധി ആകർഷണീയതകളുടെ കേന്ദ്രമാണ്. മുഗ്സൈൽ ബീച്ചിന് പുറമെ യുെനസ്കോ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച കുന്തിരിക്ക നാട്, മുങ്ങാംകുഴിയിടാൻ ഏറെ അനുയോജ്യമായ അൽ ഹലാനിയാത്ത് ദ്വീപിന് ചുറ്റുമുള്ള ആഴക്കടൽ എന്നിവ ഇവയിൽ ചിലതു മാത്രമാണെന്ന് മന്ത്രാലയം അറിയിച്ചു.
അറേബ്യൻ ഉപഭൂഖണ്ഡം മുഴുവൻ പൊരിവെയിലിൽ ചുട്ടുപൊള്ളുന്ന വേനൽ കാലത്ത് ദോഫാറിൽ അനുഭവപ്പെടുന്ന മൺസൂൺ കാലാവസ്ഥയും നിറഞ്ഞ പച്ചപ്പുമെല്ലാം ദോഫാറിെൻറ പ്രത്യേകതയാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ഇൗ കാലാവസ്ഥയെ ഖരീഫ് എന്നാണ് പ്രാദേശികമായി വിശേഷിപ്പിക്കുന്നത്. മർനീഫ് ഗുഹകൾക്ക് സമീപമുള്ള 'ബ്ലോ ഹോളുകൾ' ഇവിടത്തെ മാത്രം പ്രത്യേകതയാണ്. പാറയിടുക്കിലൂടെ അടിച്ചുകയറുന്ന കടൽജലം ഇവിടത്തെ ദ്വാരങ്ങളിലൂടെ മുകളിലേക്ക് ഉയർന്നുപൊങ്ങുന്നു. ഖോർ താഖ, വാദീ ദർബാത്ത്, െഎൻ റസാത്ത്, ഹലാനിയാത്ത് ദ്വീപ്, തുംറൈത്ത്, ജബൽ സംഹാൻ, ഹാസികിലെ ചെങ്കുത്തായ പാറകൾ, മിർബാത്ത് നഗരം എന്നിവയും സന്ദർശകർക്ക് ഏറെ ഹരംപകരുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.