മസ്കത്ത്: ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) ആവശ്യപ്പെട്ട് തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള പ്രതികളെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസാണ് പിടികൂടിയത്. തട്ടിപ്പുകാർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയതായി ആർ.ഒ.പി അറിയിച്ചു. പ്രതികൾ ഇരകളെ ഫോണിലൂടെ ബന്ധപ്പെടുകയും അവരുടെ ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ കാര്യങ്ങൾ സൂചിപ്പിച്ച് ഒ.ടി.പി ആവശ്യപ്പെടുന്ന രീതിയുമായിരുന്നു സംഘം പയറ്റിയിരുന്നത്. ഇങ്ങനെ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽനിന്ന് തുക പിൻവലിക്കാനുമായിരുന്നു സംഘം ശ്രമിച്ചിരുന്നത്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്. വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്. വിവരങ്ങൾ പങ്കുവെച്ചുകഴിഞ്ഞാല്‍ അക്കൗണ്ടിൽനിന്ന് പണംതട്ടുന്ന രീതിയാണ് വ്യാപകമായി നടക്കുന്നത്. എന്നാൽ, ഓൺലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനും തട്ടിപ്പുസംഘം ഇത്തരം രീതി ഉപയോഗിക്കുന്നുണ്ട്. ഫോൺകാള്‍, ടെക്സ്റ്റ് മെസേജ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാതിരിക്കുക എന്നതുതന്നെയാണ് ഇത്തരം തട്ടിപ്പുരീതികളെ പ്രതിരോധിക്കാനുള്ള മികച്ച മാർഗമെന്ന് വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.