ഓൺ ലൈൻ വാഹനം വ്യാപകം: സാധാരണ ടാക്സികൾ നിരത്തൊഴിയുന്നു

മസ്കത്ത്: ഓൺലൈൻ ടാക്സികളായ ഒ ടാക്സി, ഉബർ എന്നിവക്ക് സ്വീകാര്യത വർധിച്ചതോടെ രാജ്യത്ത് സാധാരണ ടാക്സികളുടെ എണ്ണം കുറയുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പുവരെ നഗരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഏത് സമയത്തും കറങ്ങിക്കൊണ്ടിരിക്കുന്ന സാധാരണ ടാക്സികളുടെ സർവിസും കുറഞ്ഞു. സാധാരണക്കാരുടെ മുഖ്യ ആശ്രയമായിരുന്ന ഷെയറിങ് ടാക്സികൾ കുറഞ്ഞത് കുറഞ്ഞ വരുമാനക്കാരെ ബാധിച്ചു.

അടുത്തകാലത്താണ് ഒമാനിൽ ഓൺലൈൻ ടാക്സികളായ ഒ ടാക്സിയും ഉബറും സേവനമാരംഭിച്ചത്. ആദ്യ കാലങ്ങളിൽ ഇവക്ക് വേണ്ടത്ര സ്വീകാര്യത ഉണ്ടായില്ലെങ്കിലും ഇപ്പോൾ പുതിയ തലമുറയും സന്ദർശന വിസയിലെത്തുന്നവരുമൊക്കെ ഓൺലൈൻ ടാക്സികളാണ് ആശ്രയിക്കുന്നത്.

ഇവരുടെ സേവനം മെച്ചപ്പെട്ടതാണെന്നും നിരക്കുകൾ താരതമ്യേന കുറഞ്ഞതാണെന്നുമുള്ള വിലയിരുത്തലുകൾ കൂടി വന്നതോടെ പരമ്പരാഗതമായി സാധാരണ വണ്ടികളെ ആശ്രയിച്ചവർ പോലും ഓൺ ലൈൻ ടാക്സികളിലേക്ക് തിരിഞ്ഞു. സാധാരണ ടാക്സികളിൽ നിരക്കുകൾക്ക് ഏകീകരണവും കൃത്യനിഷ്ഠയില്ലാത്തതുമടക്കം പരാതികൾ നിലനിൽക്കുമ്പോൾ ഓൺലൈൻ ടാക്സികളുടെ നിരക്കുകളുടെ ക്ലിപ്തതയും മറ്റും അടക്കം നിരവധി മെച്ചമുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് പലരും ഓൺലൈൻ ടാക്സികളിലേക്ക് തിരിയുന്നത്.

കോവിഡിനു ശേഷമാണ് ഒമാനിൽ ഓൺലൈൻ ടാക്സികൾ വ്യാപകമാവുന്നത്. കോവിഡ് കാലത്ത് പൊതുയാത്ര സംവിധാനം നിലച്ചതോടെ പ്രതിസന്ധി ടാക്സികൾ ഓടിക്കുന്നവരെയും ബാധിച്ചിരുന്നു.

യാത്രക്കാരില്ലാത്തതിനാൽ നീണ്ട മാസങ്ങൾ വരുമാനമില്ലാതെ കഴിയേണ്ടിയും വന്നിരുന്നു. കോവിഡ് പ്രതിസന്ധിയോടനുബന്ധിച്ച് സാധാരണക്കാരും കുറഞ്ഞ വരുമാനക്കാരുമായ വിദേശികളുടെ കൊഴിഞ്ഞുപോക്കും ഏറെ പ്രതികൂലമായി ബാധിച്ചത് ടാക്സികൾ ഓടിക്കുന്നവരെയാണ്.

ഇതോടെ നിരവധി സാധാരണ ടാക്സിക്കാർ ശമ്പളവും ആനുകൂല്യവും കിട്ടുന്ന ഓൺലൈൻ ടാക്സികളിലേക്ക് ചേക്കേറുകയായിരുന്നു. റൂവി- മത്ര, റൂവി കോർണിഷ്, റൂവി-വാദീ കബീർ, റൂവി- അമിറാത്ത് അടക്കമുള്ള നിരവധി റൂട്ടുകളിൽ സാധാരണ ടാക്സികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഏത് സമയത്തും ടാക്സികളുടെ വൻ നിര തന്നെ കാണാറുള്ള കോർണിഷ് റൂട്ടിൽ ടാക്സികൾ വല്ലാതെ കുറഞ്ഞിട്ടുണ്ട്.

മസ്കത്തിന്‍റെ പ്രധാന നഗരഭാഗങ്ങളിലേക്കെല്ലാം കൃത്യ നിഷ്ഠയോടെയും മെച്ചപ്പെട്ട സേവനത്തോടെയും സർവിസ് നടത്തുന്ന മുവാസലാത്ത് ബസുകളും ടാക്സികൾക്ക് തിരിച്ചടിയായിട്ടുണ്ട്. മുവാസലാത്ത് സർവിസുകൾ കാര്യമായി ബാധിച്ചിരുന്നത് വലിയ ടാക്സികളെയാണ്. റൂവി അടക്കമുള്ള സ്റ്റേഷനുകളിൽനിന്ന് വളരെ കൃത്യമായി ബസ് സർവിസുകൾ നടക്കുന്നതിനാൽ സാധാരണക്കാരും ഉയർന്ന വരുമാനക്കാരുമൊക്കെ ഒരുപോലെ ബസുകളെ ആശ്രയിക്കുകയാണ്.

ബസിലെ മികച്ച എ.സി സംവിധാനവും വൈഫൈ അടക്കമുള്ള ആനുകൂല്യങ്ങളും യാത്രക്കാർക്ക് സന്തോഷം പകരുന്നതാണ്. വിമാനത്താവളങ്ങളിലേക്കടക്കം കൃത്യമായി 24 മണിക്കൂറും സർവിസുകൾ നിലവിലുള്ളതിനാൽ നാട്ടിൽ പോവുന്നവരും വരുന്നവരുമൊക്കെ മുവാസലാത്തിനെ ആശ്രയിക്കുന്നത് സാധാരണ ടാക്സികളെയാണ് പ്രതികൂലമായി ബാധിക്കുന്നത്.

ഭാവിയിൽ സാധാരണ ടാക്സി സർവിസുകൾ കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് മുൻകൂട്ടി കണ്ടാണ് ടാക്സി മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന പലരും മാറി ചിന്തിക്കുന്നത്. ഇതോടെ ഒരു കാലത്ത് ഒമാനിലെ പ്രധാന പൊതു ഗതാഗത സംവിധാനവും എല്ലാവരും ആശ്രയിക്കുകയും ചെയ്തിരുന്ന സാധാരണ ടാക്സികളാണ് വഴിമാറുന്നത്. 

Tags:    
News Summary - Online Vehicle Widespread: Regular taxis are off the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.