മസ്കത്ത്: കോവിഡ് കാരണം ഒരുവർഷത്തോളമായി അടഞ്ഞുകിടക്കുകയായിരുന്ന ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറർ തുറക്കുന്നു.
സുപ്രീം കമ്മിറ്റി 30 ശതമാനം പേരെ ഉൾക്കൊള്ളിച്ച് പരിപാടികളും വിവാഹവും സംഘടിപ്പിക്കാൻ അനുമതി നൽകിയ സാഹചര്യത്തിലാണ് തുറക്കാനുള്ള തീരുമാനമെടുത്തത്. സെൻറർ വീണ്ടും തുറക്കുന്ന വാർത്ത പ്രാദേശിക, അന്തർദേശീയ ഇവൻറുകളുടെ സംഘാടകർ സ്വാഗതം ചെയ്തതായി അധികൃതർ അറിയിച്ചു.
ഇതോടെ കോൺഫറൻസുകൾ, എക്സിബിഷനുകൾ, മറ്റുപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിന് കേന്ദ്രത്തെ ഉപയോഗപ്പെടുത്താൻ സാധിക്കും. ഒരിടവേളക്ക് ശേഷം പ്രധാന പരിപാടികൾ ഒമാനിൽ നടക്കാനുള്ള സാഹചര്യവും ഒരുങ്ങും. വീണ്ടും തുറക്കുന്നതിൽ സന്തോഷമുണ്ടെന്നും വിവിധ പരിപാടികൾ നടത്താൻ ഉചിതമായ വേദി നൽകാൻ കേന്ദ്രത്തെ പ്രാപ്തമാക്കുമെന്നും സെൻറർ സി.ഇ.ഒ എഞ്ചി. സഈദ് അൽ ഷൻഫാരി പറഞ്ഞു.
എല്ലാ പ്രവർത്തനങ്ങളിലും ആരോഗ്യവും സുരക്ഷയും കർശന മാനദണ്ഡങ്ങൾ പാലിച്ച്, പങ്കെടുക്കുന്നവരുടെയും അതിഥികളുടെയും സുരക്ഷ ഉറപ്പാക്കാൻ സെൻറർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.