മസ്കത്ത്: മസ്കത്തിലെ ബാഡ്മിന്റൺ പ്രേമികളുടെ കൂട്ടായ്മയായ കേരള സ്മാഷേഴ്സ് ഓപൺ ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു. വാദികബീർ കോസ്മോസ് ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന മത്സരത്തിൽ പ്രീമിയർ, മെൻസ്-എ, മെൻസ്-ബി ഗ്രൂപ്പുകളിലായി എഴുപതോളം ടീമുകൾ പങ്കെടുത്തു.
വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ പ്രീമിയർ ഗ്രൂപ്പിൽ ഗുരുരാജ്-ഹിമേഷ്, മെൻസ്-എ ഗ്രൂപ്പിൽ പ്രമോദ്-അനീഷ് ലാൽ, മെൻസ്-ബി ഗ്രൂപ്പിൽ പ്രിൻസ്-വിജേഷ് എന്നിവർ ജേതാക്കളായി. നൗഫൽ-രാജേഷ്, സലാം-നദീം, സുജിത്-സാജൻ എന്നിവർ യഥാക്രമം രണ്ടാം സ്ഥാനം നേടി. പ്രിൻസ്, അനീഷ് ലാൽ, ഗുരുരാജ് എന്നിവരെ മികച്ച കളിക്കാരായും തിരഞ്ഞെടുത്തു. ജേതാക്കൾക്ക് ട്രോഫിയും കാഷ് അവാർഡും പ്രോത്സാഹന സമ്മാനങ്ങളും സമാപന ചടങ്ങിൽ വിതരണം ചെയ്തു.
വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികളർപ്പിച്ച് കൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കംക്കുറിച്ചത്. നമ്മുടെ നാട് ഇന്നേവരെ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനായി ടൂർണമെന്റിലൂടെ ലഭിച്ച മുഴുവൻ തുകയും നൽകുമെന്നും ഒപ്പം ധാരാളം സുമനസ്സുകൾ സഹായം നൽകുന്നതിന് സന്നദ്ധത അറിയിച്ചിട്ടുള്ളതായും സംഘാടകർ അറിയിച്ചു.
ഈ ഘട്ടത്തിൽ നമ്മുടെ നാടിനെ ചേർത്ത് പിടിക്കുന്നതിനായി പ്രവാസി സമൂഹം ഒരേമനസ്സോടെ സന്നദ്ധരാകണമെന്നും ചടങ്ങിൽ ആഹ്വാനമുണ്ടായി.
ബാഡ്മിന്റൻ കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറയെ ഇതിലേക്ക് ആകർഷിക്കുന്നത്തിനായി പത്തു വർഷം മുമ്പ് രൂപം നൽകിയ കൂട്ടായ്മയാണ് കേരളാ സ്മാഷേഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.