മസ്കത്ത്: മസ്കത്തിലെ പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മയായ ‘പാലക്കാട് ഫ്രണ്ട്സ്’ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വാദി കബീറിലെ മസ്കത്ത് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ നാനാതുറകളിൽനിന്നുള്ളവർ പങ്കെടുത്തു. പാലക്കാടൻ ഫ്രണ്ട്സ് കൂട്ടായ്മയുടെ പ്രസിഡന്റ് ശ്രീകുമാർ അധ്യക്ഷതവഹിച്ചു.
ഗൾഫ് മാധ്യമം-മീഡിയവൺ റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ റമദാൻ സന്ദേശം നൽകി. ഒരു വിശ്വാസിക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടതുപോലെ തന്നെ നോമ്പിന്റെ സന്ദേശവും പിന്തുടരേണ്ടതുണ്ട്. മനുഷ്യർക്കിടയിലെ അനുരഞ്ജനം, സാന്ത്വന പ്രവർത്തനങ്ങൾ, പരസ്പരമുള്ള സഹായ സഹകരണങ്ങൾ എന്നിവയെല്ലാം വിപുലപ്പെടുത്തുക, ശാക്തീകരിക്കുക എന്നിവയെല്ലാം ഇതിൽ ഏറെ പ്രധാനപ്പെട്ടതാണെന്ന് ഷക്കീൽ ഹസ്സൻ റമദാൻ സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം നിതീഷ്, പ്രവാസി ക്ഷേമനിധി ബോർഡ് അംഗം വിൽസൻ ജോർജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം കോ-കൺവീനർ സിദ്ദിക്ക് ഹസ്സൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ അജിത് വാസുദേവൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കോ-കൺവീനർ വിജയൻ, ഒ.ഐ.സി.സി ഒമാൻ പ്രസിഡന്റ് സജി ഔസേപ്പ് , നായർ ഫാമിലി യൂനിറ്റ് മസ്കത്ത് പ്രസിഡന്റ് സുകുമാരൻ നായർ, അൽ ബാജ് ബുക്ക്സ് മാനേജിങ് ഡയറക്ടർ ഷൗക്കത്ത് അലി, ഇന്ത്യൻ മീഡിയ ഫോറം രക്ഷാധികാരി കബീർ യുസഫ്, നന്മ കാസർകോട് പ്രസിഡന്റ് രഞ്ജിത്ത് ദാമോദരൻ, കൈരളി പ്രസിഡന്റ് സുനിൽ, മലയാളം മിഷൻ സെക്രട്ടറി അനു ചന്ദ്രൻ, എറണാകുളം കൂട്ടായ്മയുടെ സെക്രട്ടറി ചന്ദ്രശേഖരൻ, മേളം മസ്കത്ത് പ്രസാദ് അയലൂർ, മസ്കത്ത് പഞ്ചവാദ്യം സംഘം സുരേന്ദ്രൻ, കൊല്ലം, തൃശൂർ, തിരുവനന്തപുരം എന്നീ സംഘടനകളുടെ പ്രതിനിധികൾ, മസ്കത്തിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ പങ്കെടുത്തു.
അംഗങ്ങൾ വീടുകളിൽനിന്നും പാചകം ചെയ്തു കൊണ്ടുവന്ന തനത് പാലക്കാടൻ വിഭവങ്ങളാണ് ഇഫ്താർ സ്നേഹവിരുന്നിൽ വിളമ്പിയത്. മസ്കത്തിലെ പ്രമുഖ ഗായകൻ ജാഫർ ഷായും സംഘവും അവതരിപ്പിച്ച ഗസൽ സംഗീത വിരുന്ന് ചടങ്ങിന് മാറ്റുകൂട്ടി. ജനറൽ സെക്രട്ടറി ജിതേഷ് സ്വാഗതവും ട്രഷറർ ജഗദീഷ് നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, ലേഡീസ് സെക്രട്ടറി ചാരുലത ബാലചന്ദ്രൻ, മറ്റു കമ്മിറ്റി അംഗങ്ങളായ വൈശാഖ്, പ്രവീൺ, ശ്രീജിത്ത്, സുരേഷ് ബാബു, നിഖിൽ, പ്രസന്നകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.