മസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിലെ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രധാന ഭരണ നിർവഹണ സ്ഥാനങ്ങൾ മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണെന്ന് രക്ഷിതാക്കൾ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൺവീനർ എന്നീ സ്ഥാനങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നതെന്നും പ്രസ്തുത സ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് അഭിമുഖം നടത്തി പരിഹാരം കാണണമെന്നും വശ്യപ്പെട്ട് രക്ഷിതാക്കൾ നിവേദനം നൽകി. സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളോളമായതുകൊണ്ട് തന്നെ സ്കൂളിലെ പല പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങളും വൈകുന്നുവെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഡോ. സജി ഉതുപ്പാന്റെ നേതൃത്വത്തിൽ രക്ഷിതാക്കളായ സൈമൺ ഫീലിപ്പോസ്, ജയാനന്ദൻ, സിജു തോമസ് എന്നിവരാണ് ഇന്ത്യൻ സ്കൂൾ മസ്കത്തിലെ വിദ്യാഭ്യാസ ഉപദേഷ്ടാവിനെ നേരിൽകണ്ട് നിവേദനം നൽകിയത്. കഴിഞ്ഞ ആറു മാസത്തിലേറെയായി സ്കൂളിലെ പ്രധാനപ്പെട്ട തീരുമാനമെടുക്കുന്ന കമ്മിറ്റികളുടെ പ്രധാന സ്ഥാനങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇത് സ്കൂളിന്റെ അനുദിന പ്രവർത്തനങ്ങളെയും ബാധിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ടാണ് നിവേദനം നൽകിയത്.
സെപ്റ്റംബർ രണ്ടാമത്തെയാഴ്ചയിൽ ഈ വർഷത്തെ ടേം പരീക്ഷ ആരംഭിക്കാറായിട്ടും പല ക്ലാസുകളിലും പുസ്തകങ്ങൾ ലഭ്യമാകാത്തത് രക്ഷിതാക്കളിൽ ആശങ്കയുണർത്തിയിട്ടുണ്ട്. ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ ചരിത്രത്തിൽ തന്നെ ഒരിക്കലും ഉണ്ടാകാത്ത വീഴ്ചയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്രയും മാസങ്ങളായി പുസ്തകങ്ങൾ സപ്ലൈ ചെയ്യുന്ന കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന മാപ്പർഹിക്കാത്ത തെറ്റിനെ നിയമപരമായി നേരിടാനും എത്രയും പെട്ടെന്ന് കുട്ടികൾക്ക് പുസ്തകം ലഭ്യമാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
പുസ്തക വിതരണം വൈകുന്നതിലൂടെ കുട്ടികൾക്കും അധ്യാപകർക്കുമുണ്ടാകുന്ന വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും നിവേദനത്തിൽ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. കൂടാതെ സ്കൂൾ തുറന്ന സമയം മുതൽ ആയിരക്കണക്കിന് രൂപ ചിലവാക്കി ലഭ്യമാകാത്ത പുസ്തകങ്ങളുടെ പേജുകൾ ഫോട്ടോ കോപ്പിയെടുത്താണ് കുട്ടികൾ ഉപയോഗിക്കുന്നത്. സ്കൂളിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും നിവേദനത്തിൽ ശക്തമായി പ്രതിബാധിക്കുന്നു. പ്രശ്നങ്ങളിൽ എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാകണമെന്നും സ്കൂൾ ബോർഡ് ചെയർമാനുള്ള നിവേദനത്തിൽ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.