മസ്കത്ത്: യമനിലെ സംഘർഷം കുറക്കുന്നതിൽ ഒമാൻ വഹിക്കുന്ന നിർണായക പങ്കിനെ പ്രകീർത്തിച്ച് യമനിലെ യു.എസ് പ്രത്യേക ദൂതൻ തിമോത്തി ലെൻഡർകിങ്. പ്രാദേശിക സമാധാന ശ്രമങ്ങളിലും ചെങ്കടലിലെ സംഘർഷം ലഘൂകരിക്കുന്നതിലും മേഖലയിൽ സമാധാനം വളർത്തുന്നതിലും ഒമാൻ വഹിക്കുന്ന പങ്ക നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. ഒമാൻ ന്യൂസ് ഏജൻസിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാന പ്രക്രിയയുടെ ശ്രമങ്ങളെ പിന്തുണക്കുന്നതിലും യമനിലെ മാനുഷിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഉടമ്പടിയിൽനിന്ന് പ്രയോജനം നേടുന്നതിലും ഒമാന്റെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
മേഖലയിലെ സുസ്ഥിരതയെയും സമാധാനത്തെയും പിന്തുണക്കുന്നതിൽ, പ്രത്യേകിച്ച് യമന്റെ അയൽരാജ്യങ്ങളായതിനാൽ ഒമാൻ, സൗദി അറേബ്യ (കെ.എസ്.എ) എന്നിവയുമായി കൂടിയാലോചനകൾ നടത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ചെങ്കടലിൽ നാവിക റൂട്ടിലുള്ള തുടർച്ചയായ ആക്രമണങ്ങൾ യമനിലേക്കുള്ള മാനുഷിക, അവശ്യ സഹായങ്ങളുടെ വരവിനെ തടസ്സപ്പെടുത്തുണ്ട്. കപ്പൽ ഗതാഗതത്തിനുനേരെയുള്ള ഭീഷണി ഭക്ഷ്യോൽപന്നങ്ങളുടെ വില ഉയരുന്നതിലേക്ക് നയിക്കുകയും ആഗോള പണപ്പെരുപ്പ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യുന്നുണ്ട്. മേഖലയിലെ രാജ്യങ്ങളിലെ പങ്കാളികളുമായി താൻ നടത്തുന്ന കൂടിയാലോചനകൾ അക്രമം കുറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. യമൻ ജനതക്ക് ശാശ്വത സമാധാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി യമനിലെ യു.എസ് പ്രത്യേക ദൂതൻ തിമോത്തി ലെൻഡർകിങ് കൂടിക്കാഴ്ച നടത്തി. യമൻ പ്രതിസന്ധികളെക്കുറിച്ചും മേഖലയിലെ നിലവിലെ രൂക്ഷതയെക്കുറിച്ചും ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി.യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെയും ഗസ്സ മുനമ്പിൽ വെടിനിർത്തലിന്റെ പ്രധാന്യത്തെക്കുറിച്ചും ദുരിതാശ്വാസ-മാനുഷിക സഹായം എത്തിക്കുന്നതിന്റെ പ്രധാന്യത്തെക്കുറിചും ഇരുവരും പറഞ്ഞു. യോഗത്തിൽ ജി.സി.സി ഡിപ്പാർട്മെൻറ് മേധാവി ശൈഖ് അഹ്മദ് ഹഷെൽ അൽ മസ്കാരി, ഇരുവശത്തുമുള്ള നിരവധി ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.