മസ്കത്ത്: രോഗാതുരനാണെങ്കിലും കുടുംബത്തെ കാണാൻകഴിയുമെന്ന സന്തോഷത്തോടെ ഒരു വ്യാഴവട്ടത്തിനുശേഷം തിരുവനന്തപുരം സ്വദേശിയായ രാമചന്ദ്രൻനായർ നാടണഞ്ഞു. മസ്കത്തിലെ സുമനസ്സുകളായ ചില സാമൂഹിക പ്രവത്തകരുടെ ഇടപെടലാണ് നീണ്ട 12 വർഷത്തിനുശേഷം നാടണയാൻ വഴിയൊരുക്കിയത്.
രണ്ടരപ്പതിറ്റാണ്ടായി സുവൈഖിൽ ടയർഷോപ്പ് നടത്തിവന്ന രാമചന്ദ്രൻനായർക്ക് സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്നങ്ങൾ മൂലം നാടണയാൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടയിൽ രോഗബാധിതനായ അദ്ദേഹം തീർത്തും അവശനായി. ഇത് ശ്രദ്ധയിൽപ്പെട്ട ലോക കേരളസഭ അംഗമായ വിത്സൻ ജോർജ്ജ്, സാമൂഹിക പ്രവർത്തകനായ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് സ്വദേശത്തേക്ക് മടങ്ങാൻ വഴി തെളിഞ്ഞത്.
നാട്ടിലേക്ക് അയക്കാനുള്ള പ്രവർത്തനങ്ങൾ നൗഫലിന്റെയും സുവൈഖിലെ സാമൂഹിക പ്രവർത്തകരായ വിനോദ്, ഷാഫി, മുഹമ്മദ്, അനികുട്ടൻ, രാജീവ്അമ്പാടി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കവേ, തീർത്തും അവശനായ രാമചന്ദ്രൻനായരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കേണ്ടി വന്നു. 40 ദിവസത്തോളം ഐ.സി.യുവിൽ കിടന്ന അദ്ദേഹം സാവധാനം ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു.
ചികിത്സക്ക് ചെലവായ ഭീമമായ തുക രാമചന്ദ്രൻനായരുടെ സഹപ്രവർത്തകരും ഇന്ത്യൻ സോഷ്യൽ ക്ലബ് ചാരിറ്റി വിങ്, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം എന്നിവർ ചേർന്ന് നൽകി. ഇന്ത്യൻ എംബസിയുടെ സഹായവും അഭ്യർഥിച്ചു.
ഒറ്റക്കുള്ള വിമാനയാത്ര സാധ്യമാകാത്തതിനാൽ, നാട്ടിലുള്ള അദ്ദേഹത്തിന്റെ മരുമകനെ ഒമാനിലെത്തിച്ചാണ് സുരക്ഷിതയാത്ര സാമൂഹിക പ്രവർത്തകർ ഒരുക്കിയത്. യാത്രയയപ്പിന് സാമൂഹിക പ്രവർത്തകരായ നൗഫൽ, മനോജ് പെരിങ്ങേത്ത്, സംബശിവൻ, സുധാകരൻ, പി.ടി.അനിൽകുമാർ, പ്രസാദ്, സജിത്ത് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.