മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സഹായിക്കുന്ന നിർദേശങ്ങൾ പരിഗണനയിലാണെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ മന്ത്രാലയത്തിന്റെ പ്രകടനങ്ങൾ അവലോകനം ചെയ്യുന്നതിനും നടപ്പുവർഷത്തെ പദ്ധതികൾ അവതരിപ്പിക്കുന്നതിനുമായി നടത്തിയ വാർത്തസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. നഖൽ-ബിദ്ബിദ്, സീബ്-ബിദ്ബിദ്, അമീറാത്ത്-ദിമ വ അൽ തയീൻ എന്നീ മൂന്ന് ബദൽ ട്രാക്കുകളുടെ രൂപരേഖയാണ് മസ്കത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്.
തന്ത്രപ്രധാനമായ എട്ട് പദ്ധതികൾ നടന്നുവരുകയാണെന്നും ഈ വർഷം പൂർത്തിയാകുമെന്നാണ് കരുതുന്നതെന്നും മന്ത്രാലയം അറിയിച്ചു. നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ വിവിധ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. റുസൈൽ - ബിദ്ബിദ് റോഡ് വികസന പദ്ധതി അടുത്ത വർഷം ആദ്യപാദത്തിൽ പൂർത്തിയാക്കും. ദിബ്ബ - ലിമ - ഖസബ് റോഡിന്റെ നിർമാണത്തിനായി മാർച്ച് അവസാനത്തിനുമുമ്പ് ടെൻഡർ നൽകും.
നടപ്പുവർഷത്തിൽ ഇലക്ട്രോണിക് ഇടപാട്, കമ്യൂണിക്കേഷൻസ് റെഗുലേറ്ററി ഉൾപ്പെടെ നിരവധി നിയമങ്ങൾ പരിഷ്കരിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. എംപ്റ്റി ക്വാർട്ടറിലും ബുറൈമി ഗവർണറേറ്റിലും കര അതിർത്തികൾ സ്ഥാപിക്കാൻ മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ബിഡുകൾ മന്ത്രാലയം സമീപഭാവിയിൽ ക്ഷണിക്കും. കഴിഞ്ഞ വർഷം ഒമാനിലെ തുറമുഖങ്ങളിൽ 9800 കപ്പലുകളും 5.2 ദശലക്ഷം കണ്ടെയ്നറുകളും 205000 വിനോദസഞ്ചാരികളും വന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.