മസ്കത്ത്: പ്രകൃതി വാതകത്തിൽനിന്ന് ഹൈഡ്രജൻ ഉൽപാദിപ്പിക്കാനുള്ള പദ്ധതിയൊരുങ്ങുന്നു. ഭാവിയുടെ ഇന്ധനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൈഡ്രജൻ ഉൽപാദനത്തിെൻറ ആഗോള കേന്ദ്രമായി മാറാമെന്ന സുൽത്താനേറ്റിെൻറ പ്രതീക്ഷകൾക്ക് ഉണർവ് പകരുന്നതാണ് നീക്കം.
ജാപ്പനീസ് നിക്ഷേപക കമ്പനിയായ സുമിതോമോ കോർപറേഷനാണ് പദ്ധതിക്ക് പിന്നിൽ. ഇതിെൻറ സാധ്യത പഠിക്കുന്നതിനായി എണ്ണ-വാതക ഉൽപാദന രംഗത്ത് പ്രവർത്തിക്കുന്ന ഒമാനി കമ്പനിയായ എ.ആർ.എ പെട്രോളിയം എൽ.എൽ.സിയുമായി ധാരണപത്രം ഒപ്പിട്ടു.
എണ്ണ-വാതക പര്യവേക്ഷണത്തിൽ ലഭിക്കുന്ന ഫ്ലെയർ ഗ്യാസിൽ നിന്ന് ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നതിനായാണ് പദ്ധതി. ബ്ലൂ ഹൈഡ്രജൻ എന്നാണ് ഇങ്ങനെ ഉൽപാദിപ്പിക്കുന്ന ഹൈഡ്രജൻ അറിയപ്പെടുന്നത്. ഒമാനിലെ ഇത്തരത്തിലുള്ള ആദ്യ ഹൈഡ്രജൻ ഉൽപാദന പ്ലാൻറ് ആയിരിക്കും ഇത്. ഇങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്ന ഹൈഡ്രജെൻറ വിതരണത്തിന് ശൃംഖല സ്ഥാപിക്കുകയും തുടർന്ന് ഇത് വൈദ്യുതി വാഹനങ്ങൾക്കായി ഉപയോഗിക്കുന്നതിനുമാണ് പദ്ധതി.
സുബൈർ കോർപറേഷന് കീഴിലുള്ളതാണ് എ.ആർ.എ പെട്രോളിയം. രാജ്യത്തിെൻറ വടക്കുപടിഞ്ഞാറ് ഭാഗത്തായുള്ള ബ്ലോക്ക് 44, 31 എന്നിവിടങ്ങളിൽ പര്യവേക്ഷണത്തിെൻറ ചുമതല എ.ആർ.എക്കാണ്. ഇതിൽ ബ്ലോക്ക് നമ്പർ 44ൽ പ്രധാനമായും പ്രകൃതിവാതകമാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ഇവിടെയുണ്ടാകുന്ന ഫ്ലെയർ ഗ്യാസിൽനിന്ന് പ്രതിവർഷം 300 മുതൽ 400 ടൺ വരെ ഹൈഡ്രജൻ ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അനുബന്ധമായി ഉൽപാദിപ്പിക്കപ്പെടുന്ന കാർബൺ ഡയോക്സൈഡ് വ്യവസായിക ആവശ്യത്തിനും ഉപയോഗിക്കാം. 20 മെഗാവാട്ടിെൻറ സൗരോർജ പദ്ധതിയിൽനിന്നായിരിക്കും ഉൽപാദന കേന്ദ്രത്തിന് വേണ്ട വൈദ്യുതി ലഭ്യമാക്കുക.
കാർബൺ മുക്തമായതിനാൽ ഭാവിയുടെ ഇന്ധനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൈഡ്രജൻ ഉൽപാദനരംഗത്ത് വൻകിട പദ്ധതികളാണ് ഒമാൻ നടപ്പാക്കാൻ ഒരുങ്ങുന്നത്.സൗരോർജമടക്കം പുനരുപയോഗിക്കാവുന്ന ഉൗർജ സ്രോതസ്സുകളിൽനിന്നുള്ള 'ഗ്രീൻ ഹൈഡ്രജൻ' പ്ലാൻറുകൾ സുഹാറിലും ദുകമിലും തുടങ്ങുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നേരത്തേ നടത്തിയിരുന്നു.
കയറ്റുമതി ലക്ഷ്യമിട്ടാണ് ഇൗ രംഗത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഇതുവഴി എണ്ണ വിൽപനയിൽനിന്നുള്ള വരുമാനത്തിലെ കുറവിനെ മറികടക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.