ബുറൈമി: പ്ലാസ്റ്റിക് സഞ്ചികളുടെയും മറ്റും ഉപയോഗം കുറക്കാൻ ബുറൈമി ഗവർണറേറ്റിൽ പരിസ്ഥിതി അതോറിറ്റി 'പ്ലാസ്റ്റിക് രഹിത ഒമാൻ' കാമ്പയിൻ ആരംഭിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ തടയുന്നതിന് കമ്പനികൾ, സ്ഥാപനങ്ങൾ, കടകൾ എന്നിവയിൽ മേൽനോട്ടം ശക്തമാക്കുകയും അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് കാമ്പയിനിലൂട ലക്ഷ്യമിടുന്നത്. കാമ്പയിൻ ഏപ്രിൽ അവസാനംവരെ തുടരും. പ്ലാസ്റ്റിക് സഞ്ചികളുടെ ഗുണ നിലാവാരവരും സവിശേഷകതകളും പരിശോധിക്കാനായി പരിസ്ഥിതി അതോറിറ്റിയിലെ വിദഗ്ധർ പ്ലാസ്റ്റിക് ബാഗ് നിർമാണ ഫാക്ടറികളിലും വലിയ ഷോപ്പിങ് സെന്ററുകളിലും ഫീൽഡ് സന്ദർശനങ്ങൾ നടത്തുമെന്ന് ബുറൈമി ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ് ഡയറക്ടർ സഈദ് ബിൻ സുലൈമാൻ അൽ ഹുസ്നി പറഞ്ഞു. നിത്യജീവിതത്തിന്റെ ഭാഗമായ പ്ലാസ്റ്റിക് സഞ്ചികളുടെയും മറ്റും ഉയോഗം ബോധവത്കരണ കാമ്പയിനിലൂടെ കുറക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പുനരുപയോഗിക്കാൻ കഴിയില്ല. എളുപ്പം നശിക്കാത്ത ഇവ നിരവധി ജീവജാലങ്ങൾക്ക് ഭീഷണിയാണുണ്ടാക്കുന്നത്. ഇത്തരം പ്ലാസ്റ്റിക് ഉൽപാദനം കുറക്കാനും ഉപയോഗം ഒഴിവാക്കാനും എല്ലാവരും സഹകരിക്കണമെന്ന് ഹുസ്നി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.