സുഹാർ: കോവിഡ് വ്യാപനത്തിന്റെ രണ്ടു വർഷം നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സമ്പർക്കമില്ലാതെ കഴിഞ്ഞവർ പതിയെ കൊറോണക്കൊപ്പം നടക്കാൻ തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ സ്ഥലങ്ങളിൽ കായിക മത്സരങ്ങളും മറ്റും സജീവമായി. ശൈത്യകാലമായ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ടൂർണമെന്റുകളുടെ കാലം. ക്രിക്കറ്റ്, വോളിബാൾ, ഫുട്ബാൾ, ബാഡ്മിന്റൺ, ബാസ്കറ്റ് ബാൾ എന്നിങ്ങനെ ഓരോ കളികളിലും പ്രാദേശികമായും അല്ലാതെയും ടൂർണമെന്റുകൾ നടക്കുന്നുണ്ട്. ആവേശകരമായ മത്സരങ്ങളാണ് ഇത്തരം ടൂർണമെന്റുകളിലൂടെ നടക്കാറുള്ളതെന്ന സഹം ചലഞ്ചേഴ്സ് ക്രിക്കറ്റ് ടീം അംഗം ശാദുലി പള്ളിപ്പത്ത് പറയുന്നു. പോയകാലങ്ങളിൽ ചെറിയ ഫുട്ബാൾ ടൂർണമെന്റുകളിൽ പോലും നാട്ടിൽനിന്ന് കളിക്കാരെ കൊണ്ടുവന്ന് കളിപ്പിച്ചിട്ടുണ്ടെന്ന് കോവിഡിന് മുമ്പ് എല്ലാവർഷവും ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്ന സംഘാടകരിൽ ഒരാളായ മൻസൂർ പറയുന്നു. അത്രയും ആവേശമായിരുന്നു പ്രവാസികളുടെ കളിക്കമ്പം.
സുഹാർ പാർക്കിൽ എല്ലാവർഷവും വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു വന്നിരുന്നെന്ന് മികച്ച കളിക്കാരനായ മണി പറയുന്നു. ദിനവും വോളിബാൾ പരിശീലനം നടക്കാറുണ്ടെന്നും ഇതിലെ കളിക്കാർ മറ്റു പ്രദേശങ്ങളിൽ നടക്കുന്ന വോളിബാൾ മാച്ചിൽ പങ്കെടുക്കാൻ പോകും. കഴിഞ്ഞ മാസവും ഈ മാസവും നിരവധി മാച്ചുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബീച്ചു ഫുട്ബാളും മറ്റു മത്സരങ്ങളും ഇപ്പോൾ സജീവമായി നടക്കുന്നുണ്ടെന്ന് സുഹാർ മാഹി കൂട്ടായ്മയിലെ നജീബും ചീക്കയും പറയുന്നു. കൈരളി ബാത്തിന കപ്പിനായുള്ള ക്രിക്കറ്റ് മത്സരം ഈ മാസം രണ്ടു വെള്ളിയാഴ്ചകളിൽ നടക്കുകയാണെന്നു സംഘാടകരായ മജീദ് ഹിജാരിയും മുരളി സുഹാറും പറഞ്ഞു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും മത്സരങ്ങൾ നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.
വരാന്ത്യ അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ബീച്ചുകളും പാർക്കുകളും മൈതാനങ്ങളും ആൾകൂട്ടം കൊണ്ട് സജീവമാണ്. കോവിഡിന്റെ ആലസ്യം പതിയെ മാറുന്നുണ്ടെങ്കിലും വ്യാപന കണക്കുകളിൽ വർധന രേഖപ്പെടുത്തുന്നതിൽ ആശങ്കയുണ്ടെങ്കിലും വലിയ അപകട തീവ്രതയും മരണനിരക്കും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നില്ലെന്നത് ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.