മസ്കത്ത്: പി.എം ഫൗണ്ടേഷൻ ‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെ നടത്തിയ പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച് പരീക്ഷയിൽ ഒമാനിൽനിന്ന് ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് പ്രത്യേക കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
ഇന്ത്യൻ സ്കൂൾ ഗൂബ്രയിൽ നടന്ന ചടങ്ങിൽ പി.എം. ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. പി. മുഹമ്മദ് അലിയാണ് കാഷ് അവാർഡും ഫലകവും സമ്മാനിച്ചത്. പി.എം. ഫൗണ്ടേഷൻ ചെയർമാൻ എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്, പി.എം ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. എൻ.എം ഷറഫുദ്ധീൻ എന്നിവർ സംസാരിച്ചു. ഗൾഫ് മാധ്യമം ഒമാൻ െറസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ സ്വാഗതവും ഇന്ത്യൻ സ്കൂൾ ഗൂബ്ര വൈസ് പ്രിൻസിപ്പൽ ശ്രീകുമാർ ഗംഗാധരൻ നന്ദിയും പറഞ്ഞു.
സബ്യസാച്ചി ചൗധരി, അമാൻ ഇഖ്ബാൽ, അമാൻ താൻഡോൻ, സാച്ചി തൃശ്ശ അശോക, അഭിനവ് ഗണേഷ്കുമാർ, എഗാൻഷ് ഗോയൽ, പവിത്ര നായർ, അർനവ് ഷാ, തൂബ അൻവാറുൽ ഹസ്സൻ, വേദിക ചബ്ര, അവനി മിത്തൽ, അസഫ് സാമുവൽ, ഗീതിക മനോജ് നമ്പ്യാർ, മിഥുൻ മണികണ്ഠൻ, റിയ പഹൗജ എന്നീ വിദ്യാർഥികളാണ് കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങിയത്.
ഒമാനിൽ ആകെ 73 വിദ്യാർഥികളായിരുന്നു പരീക്ഷ എഴുതിയിരുന്നത്. പത്താംക്ലാസ് ഉന്നത വിജയികളായ വിദ്യാർഥികൾക്കാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. കേരളത്തിൽ വിവിധ ജില്ലകളിലും ജി.സി.സിയിലെ വിവിധ രാജ്യങ്ങളിലും ഒരേ സമയത്തായിരുന്നു പരീക്ഷ നടന്നത്. അടിസ്ഥാന ശാസ്ത്രം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, ജനറൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളിലുള്ള പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടിവ് പരീക്ഷയിൽ ഉണ്ടായിരുന്നത്.
തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ക്യാമ്പും പിന്നീട് ഇൻറർവ്യൂവും ഉണ്ടായിരിക്കും. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാർഥികൾക്ക് 1.25ലക്ഷം രൂപയുടെ പി.എം ഫൗണ്ടേഷൻ ഫെലോഷിപ്പ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.