മസ്കത്ത്: പ്രവാസി കമീഷൻ അദാലത്തുകൾ പ്രവാസികൾക്കും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കും ഏറെ ഗുണകരമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കമീഷൻ അംഗം പി.എം. ജാബിർ. മസ്കത്തിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, വിദേശത്തുള്ള ഭൂരിഭാഗം പേർക്കും ഇതിൽ പങ്കെടുക്കേണ്ടത് എങ്ങനെയെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. ഇതിനായി കൂടുതൽ ബോധവത്കരണം നടത്തും. ഇതിനകം തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ കമീഷൻ അദാലത് നടത്തിക്കഴിഞ്ഞു. കോഴിക്കോട് അദാലത് 12ന് ഗവ. ഗെസ്റ്റ് ഹൗസിലും വയനാട് അദാലത് 14ന് കൽപറ്റയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും നടക്കും. വർഷാവസാനത്തിനു മുമ്പ് എല്ലാ ജില്ലകളിലെയും അദാലത് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ സ്വത്തുകൾ ബന്ധുക്കൾ തട്ടിയെടുക്കുന്ന പ്രവണത വർധിക്കുന്നതായിട്ടുണ്ട്. പല അദാലത്തുകളിലും ഇതുസംബന്ധിച്ച് പരാതി ലഭിക്കുകയുണ്ടായി. വിദേശത്തുള്ള മലയാളികൾ നടത്തുന്ന ബിസിനസിലും മറ്റും തർക്കമുണ്ടായാൽ ഇടപെടാൻ കമീഷന് കഴിയും. അതേസമയം, ബിസിനസ് സ്ഥാപനങ്ങൾ വിദേശികളുടെ ഉടമസ്ഥതയിലുള്ളതാണെങ്കിൽ ഇടപെടുന്നതിന് പരിമിതിയുണ്ട്. അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസിക്ക് ഇക്കാര്യത്തിൽ കമീഷന് നിർദേശം നൽകാൻ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ട ഏത് കാര്യങ്ങളിലും പരാതി നൽകാം
റിക്രൂട്ട്മെന്റ് ഏജൻസികളുടെ തട്ടിപ്പ്, സ്ത്രീകളെ വിദേശത്ത് കൊണ്ടുപോയി കബളിപ്പിക്കൽ, ഭൂമി സംബന്ധമായ തർക്കങ്ങൾ, ബിസിനസ് പങ്കാളികൾ വഞ്ചിച്ചത്, കുടുംബ പ്രശ്നങ്ങൾ, ഭാര്യയും അവരുടെ ബന്ധുക്കളും സ്വത്തു തട്ടിയെടുത്തത്, ബാങ്ക് വായ്പ സംബന്ധിച്ച വിഷയങ്ങൾ, മരണാനന്തര ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത്, വിദേശത്തെ ജയിലിലാക്കപ്പെട്ടവരുടെ കാര്യങ്ങൾ, കോടതിവിധിയിലൂടെ ലഭിക്കുന്ന മരണാനന്തര ആനുകൂല്യങ്ങൾ, അപകട ആനുകൂല്യങ്ങൾ, വേതനം സംബന്ധിച്ച ആനുകൂല്യങ്ങൾ എന്നിവ എംബസിയുമായി ബന്ധപ്പെട്ട മലയാളി അഭിഭാഷകർ തട്ടിയെടുക്കുന്നതും കൈമാറാൻ കാലതാമസം വരുത്തുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ, നോർക്കയെയും പ്രവാസി ക്ഷേമനിധിയെയും
സംബന്ധിച്ച കാര്യങ്ങൾ, സർക്കാർ ഓഫിസുകളിൽനിന്ന് ലഭിക്കേണ്ട സേവനങ്ങൾ വൈകുന്നതു സംബന്ധിച്ച കാര്യങ്ങൾ എന്നിങ്ങനെ പ്രവാസി/മുൻ പ്രവാസിയുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ട ഏതൊരു കാര്യത്തെ സംബന്ധിച്ചും പ്രവാസി കമീഷന് പെറ്റിഷൻ നൽകാം.
പരാതികൾ എങ്ങനെ?
പുതുതായി പരാതി നൽകുന്നവർ എഴുതി തയാറാക്കിയ ആവലാതിയോടൊപ്പം പ്രവാസി/മുൻ പ്രവാസിയാണ് എന്നു തെളിയിക്കുന്ന രേഖകൾക്കു പുറമെ എതിർകക്ഷിയുടെ കൃത്യമായ വിലാസവും (ടെലിഫോൺ നമ്പർ മാത്രം നൽകിയാൽ മതിയാവില്ല) നൽകണം. നേരത്തേ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ കമീഷൻ സെക്രട്ടറിയിൽനിന്ന് അറിയിപ്പു ലഭിച്ചവർ പ്രസ്തുത എഴുത്തും പരാതിയുടെ കോപ്പിയും അനുബന്ധ രേഖകളുമായി എത്തണം. മുൻകൂട്ടി പരാതി നൽകാൻ ആഗ്രഹിക്കുന്നവർ മേൽപറഞ്ഞ രീതിയിൽ അത് തയാറാക്കി ചെയർമാൻ, പ്രവാസി കമീഷൻ, ആറാം നില, നോർക്ക സെന്റർ, തിരുവനന്തപുരം 695014 എന്ന വിലാസത്തിലോ secycomsn.nri@kerala.gov.in മെയിൽ വഴിയോ അയക്കാം. വിവരങ്ങൾക്ക് +91 94968 45603, +968 9933 5751 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ജാബിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.