മസ്കത്ത്: പ്രിമിയർ കപ്പ് ട്വന്റി20 ടൂർണമെന്റിൽ ഒമാന് കിരീട നഷ്ടം. കലാശക്കളിയിൽ ശക്തരായ യു.എ.ഇയോട് 55 റൺസിനാണ് അടിയറവ് പറഞ്ഞത്. കിരീടത്തിൽ മുത്തമിട്ട യു.എ.ഇ അടുത്തവർഷം നടക്കുന്ന ഏഷ്യ കപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ നേരത്തേതന്നെ ഏഷ്യൻ കപ്പിലേക്ക് സ്ഥാനം ഉറപ്പിച്ചിരുന്നു. ഇതിലേക്കുള്ള അവസാന ടീമിനെ കണ്ടെത്താനുള്ള പരമ്പര കൂടിയായിരുന്നു പ്രിമിയർ കപ്പ് ട്വന്റി20.
അമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ഒമാന്. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ ക്യാപ്റ്റൻ മുഹമ്മദ് വസീമിന്റെ സെഞ്ച്വറി മികവിൽ നാല് വിക്കറ്റിന് 204 റൺസിന്റെ വമ്പൻ സ്കോറാണ് പടുത്തുയർത്തിയത്. 57 ബാളിൽ ഏഴ് കൂറ്റൻ സിക്സും ആറ് ബൗണ്ടറികളും വസീമിന്റെ ബാറ്റിൽനിന്ന് പിറന്നു. ഒടുവിൽ ബിലാൽഖാന്റെ ഓവറിൽ കശ്യപ് പ്രജാപതിക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. അലിഷാൻ ഷറഫു (34), ആസിഫ് ഖാൻ (38) എന്നിവരും ഇമാറാത്തി ബാറ്റിങ് നിരയിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സുൽത്താനേറ്റിന് വിക്കറ്റ് കീപ്പർ പ്രതീക് അത്താവാലെ (49), ഖാലിദ് കെയിൽ (30), ഫയാസ് ഭട്ട് (23*) എന്നിവരൊഴികെ മറ്റുള്ളവർക്കാന്നും കാര്യമായി സംഭാവന നൽകാനായില്ല.
മുൻനിര ബാറ്റർമാർ എളുപ്പം മടങ്ങിയതും ബൗളർമാരുടെ അച്ചടക്കമില്ലായ്തമയുമാണ് സുൽത്താനേറ്റിന് തിരിച്ചടിയായത്. സ്കോർ ബോർഡ് അമ്പത് തികയുംമുമ്പേ ഒമാന്റെ അഞ്ചുപേർ പവിലിയനിൽ എത്തിയിരുന്നു.
യു.എ.ഇക്കുവേണ്ടി ജുനൈദ് സിദ്ധീഖ് 38 റൺസ് വഴങ്ങി മൂന്നും മുഹമ്മദ് ഫാറൂഖ്, അയാൻ അഫ്സൽ ഖാൻ എന്നിവർ രണ്ടൂവീതം വിക്കറ്റും നേടി. സുൽത്താനേറ്റിനുവേണ്ടി ബിലാൽ ഖാൻ രണ്ട് വിക്കറ്റും എടുത്തു. ടൂർണമെന്റിലെയും ഫൈനലിലെയും മികച്ച കളിക്കാരനായി മുഹമ്മദ് വസീമിനെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.