മസ്കത്ത്: കേരളത്തിൽ ഏഴുദിവസത്തെ ക്വാറന്റീനും ഉയർന്ന വിമാന നിരക്കും കാരണം ഒമാനിൽനിന്നുള്ള പ്രവാസികൾ നാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്നു. കേരളത്തിൽ ഏഴ് ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത് ഹ്രസ്വകാല യാത്രക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്. അതോടൊപ്പം ഒമാനിലും ക്വാറന്റീൻ നിലവിൽ വരുമെന്ന ഭീതിയും പലരിലുമുണ്ട്. ഇന്ത്യയിൽ കോവിഡ് കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഇന്ത്യയിൽനിന്ന് തിരിച്ചെത്തുന്നവർക്ക് ഒമാനിലും ക്വാറന്റീൻ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് പലരും ആശങ്കിക്കുന്നത്. ഇത് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ആവുകയാണെങ്കിൽ ചെലവേറുമെന്നും പലരും പേടിക്കുന്നു. അതിനാൽ കാര്യങ്ങൾക്ക് കൃത്യത വന്നശേഷം യാത്ര ചെയ്യാമെന്ന നിലപാടിലാണ് പലരും.
അതോടൊപ്പം കേരളത്തിൽനിന്ന് മസ്കത്തിലേക്കും സലാലയിലേക്കുമുള്ള ടിക്കറ്റ് നിരക്കുകൾ ഉയർന്നുതന്നെനിൽക്കുകയാണ്. മസ്കത്തിൽനിന്ന് കേരള സെക്ടറിലേക്ക് താരതമ്യേന നിരക്ക് കുറവാണെങ്കിലും തിരിച്ച് മസ്കത്തിലേക്ക് മാർച്ച് അവസാനം വരെ ഉയർന്ന നിരക്കുകൾ തന്നെയാണ് എയർ ഇന്ത്യ എക്സ് പ്രസ് അടക്കമുള്ള വിമാന കമ്പനികൾ ഈടാക്കുന്നത്. വരുന്ന ദിവസങ്ങളിൽ കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് 80ൽ താഴെയാണ് ടിക്കറ്റ് നിരക്കുകൾ.
എന്നാൽ, കേരളത്തിൽനിന്ന് തിരിച്ചുവരണമെങ്കിൽ എയർ ഇന്ത്യ എക്സ് പ്രസിന് 150 റിയാലിൽ കൂടുതൽ നൽകേണ്ടി വരും. ചില ദിവസങ്ങളിൽ ഇത് 200 റിയാൽ കടക്കുന്നുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ നാട്ടിൽ പോവുന്നവർ കുടുങ്ങുന്ന അവസ്ഥയാണുള്ളത്. നാട്ടിൽനിന്ന് തിരിച്ചുവരുന്നരിൽനിന്ന് ഈടാക്കുന്ന ഈ ഉയർന്ന നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതാണ്. അതിനാൽ താഴ്ന്ന വരുമാനക്കാർക്ക് യാത്രകൾ ഒഴിവാക്കുക മാത്രമാണ് പോംവഴി.
കഴിഞ്ഞ സെപ്റ്റംബറിൽ വിമാന സർവിസുകൾ പുനരാരംഭിച്ചതുമുതൽ തന്നെ കേരളത്തിൽനിന്ന് മസ്കത്തിലേക്ക് ഉയർന്ന നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. നാട്ടിൽ കുടുങ്ങിയ യാത്രക്കാരുടെ തിരക്ക് കുറയുന്നതോടെ ടിക്കറ്റ് നിരക്കുകൾ കുറയുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, എയർ ഇന്ത്യ എക്സ് പ്രസിലടക്കം ടിക്കറ്റ് നിരക്കിൽ കാര്യമായ കുറവുണ്ടായില്ല. ഡിസംബറിൽ സ്കൂൾ അവധി സീസണിൽ നിരക്കുകൾ ഒന്ന് കൂടി ഉയർന്നു. സ്കൂൾ അവധി അവസാനിക്കുന്നതോടെ ടിക്കറ്റ് നിരക്കുകൾ കുറയുമെന്ന് നിരവധി പേർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, നിലവിലെ ഷെഡ്യൂൾ അനുസരിച്ച് മാർച്ച് 27 വരെ ബജറ്റ് വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ് പ്രസ് പോലും ഉയർന്ന നിരക്കുകളാണ് ഇൗടാക്കുന്നത്. ഏപ്രിൽ മുതൽ വീണ്ടും നാട്ടിൽ സ്കൂൾ അവധി സീസൺ ആരംഭിക്കുായാണ്. ഒമാൻ-ഇന്ത്യ എയർബബ്ൾ കരാർ ഇതേപടി തുടരുകയാണെങ്കൽ അടുത്ത കാലത്തൊന്നും ടിക്കറ്റ് നിരക്കുകൾ കുറയാൻ സാധ്യതയില്ലെന്നാണ് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ഹോട്ടലുകളിലും കഫ്റ്റീരിയകളിലും മറ്റും ജോലിചെയ്യുന്ന ടിക്കറ്റ് ആനുകൂല്യമില്ലാത്ത പ്രവാസികൾക്ക് യാത്രകൾ ഇനിയും മാറ്റിവെക്കേണ്ടിവരും.
കേരളത്തിൽനിന്ന് എയർ ഇന്ത്യ എക്സ് പ്രസിന് താരതമ്യേന ടിക്കറ്റ് നിരക്കുകൾ കുറവ് കോഴിക്കോടുനിന്നാണ്. ഇത് ഒമാൻ ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ സർവിസുകൾ നടത്തുന്നതുകൊണ്ടാണ്. എന്നിട്ടും മാർച്ച് അവസാനം വരെ നിലവിൽ 169 റിയാൽ മുതൽ 189 റിയാൽ വരെയാണ് എയർ ഇന്ത്യ എക്സ് പ്രസ് ഈടാക്കുന്നത്. ഏതാനും ദിവസങ്ങളിൽ നിരക് 150 റിയാലിൽ എത്തുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് 164 മുതൽ 174 റിയാൽ വരെയാണ് മസ്കത്തിലേക്കുള്ള വിമാന നിരക്കുകൾ. മാർച്ച് 27ന് നിരക്ക് 97 റിയാലായി കുറയുന്നുണ്ട്. കൊച്ചിയിൽ നിന്ന് മസ്കത്തിലേക്ക് ചില ദിവസങ്ങളിൽ 200 റിയാൽവരെ നിരക്കുകൾ എത്തുന്നുണ്ട്. കണ്ണൂരിൽ നിന്നും 180ന് അടുത്തുതന്നെയാണ് നിരക്കുകൾ. ദുബൈ അടക്കമുള്ള രാജ്യങ്ങളിലക്ക് വിമാന നിരക്കുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ യു.എ.ഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ വഴി ഒമാനിെലത്തുന്നവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.