മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിയുന്നത്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ചുകടക്കരുതെന്നും മുന്നറിയിപ്പ് നൽകി. ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ, ദാഖിലിയ, തെക്കൻ ബാത്തിന മസ്കത്ത് ഗവർണറേറ്റുകളിലാണ് മഴ പെയ്യുന്നത്. ഉൾപ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറി ബുധനാഴ്ചയും ഗതാഗത തടസ്സം അനുഭവപ്പെട്ടു. ചിലേടങ്ങളിൽ വാദിയിൽ വാഹനം കുടുങ്ങിയതായും റിപ്പോർട്ടുണ്ട്.
ഇതിന്റെ വിഡിയോ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. തുടർച്ചയായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്. തെക്കൻ അമീറാത്ത്, സൂർ, ആദം, ധങ്ക്, സിനാവ്, ബർക്ക, സഹം, സലാലയിലെ ഇത്തീൻ, ബൗഷർ, സീബ്, നഖൽ, സുഹാർ, സമാഈൽ, ഖാബൂറ, സഹം, ലിവ തുടങ്ങിയ സ്ഥലങ്ങളിൽ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. കഴിഞ്ഞ രാത്രിയോടെ കരുത്താർജിച്ച മഴ ബുധനാഴ്ചയും തുടരുകയായിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദാഹിറ, ദാഖിലിയ, തെക്കു-വടക്ക് ശർഖിയ ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി നൽകി. സ്ഥിതിഗതികൾ നിരീക്ഷിച്ച് റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും രംഗത്തുണ്ട്.
അതേസമയം, കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ബുറൈമി ഗവർണറേറ്റിലെ ബുറൈമി വിലായത്തിലാണ്. തിങ്കളാഴ്ച മുതൽ ബുധൻ രാവിലെ ഒമ്പതുവരെ 110 മി.മീറ്റർ മഴയാണ് ലഭിച്ചതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. മുസന്ദം ഗവർണറേറ്റിലെ ഖസബ് 96 മി.മീ, മദ്ഹ -71 മി.മീ, വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ-69 മി.മീ, മുസന്ദം ഗവർണറേറ്റിലെ ദിബ്ബ-67 മി.മീ, തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക്ക- 56 മി.മീ, ദാഹിറ ഗവർണറേറ്റിലെ ഇബ്രി -54 മി.മീ, ദാഖിലിയ ഗവർണറേറ്റിലെ ഇസ്കി -46 മി.മീ, വടക്കൻ ബാത്തിന ഗവർണറേറ്റിലെ ശിനാസ്-40 മി.മീറ്റർ മഴയുമാണ് ലഭിച്ചത്.
മത്ര: ചൊവ്വാഴ്ച മത്രയില്‍ മഴയെത്തിയത് രാത്രി 8.15ഓടെയാണ്. ഇടിയും മിന്നലിനുമൊപ്പമാണ് മഴ തുടങ്ങിയതെങ്കിലും താരതമ്യേന ദുര്‍ബലമായിരുന്നു. ഒമാന്റെ വിവിധയിടങ്ങളില്‍ അങ്ങിങ്ങായി മഴ പെയ്യുന്നതിനാല്‍ ഉപഭോക്താക്കൾ കാര്യമായി എത്തിയിരുന്നില്ല. സൂഖിലെത്തിയവരാകട്ടെ മഴക്കോള് കനക്കുമെന്ന ധാരണയില്‍ വേഗം സ്ഥലം വിട്ടു. അത് കച്ചവടത്തെ ബാധിച്ചു. കച്ചവടസ്ഥാപനങ്ങള്‍ രാത്രി നേരത്തേ അടക്കുകയും ചെയ്തു. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ വാദി സാധ്യത പ്രതീക്ഷിച്ച് ചൊവ്വാഴ്ച രാത്രി ശക്തമായ ബന്തവസ്സ് നടത്തിയാണ് ഒട്ടുമിക്ക കടകളും അടച്ചത്. വെള്ളം കടകള്‍ക്കകത്ത് കയറാതിരിക്കാനുള്ള പ്രതിരോധ മാർഗമായി സാധാരണ മഴ നാളില്‍ ഉപയോഗിക്കാറുള്ള പുട്ടിയും ഫോമും മറ്റും ഉപയോഗിച്ച് ഷട്ടര്‍ ഗ്യാപ്പുകളും മറ്റും അടക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച വെളുപ്പിന് സാമാന്യം നല്ല മഴ പ്രദേശത്തുണ്ടായിരുന്നു. ഏതു സമയത്തും പെയ്യാന്‍ പാകത്തിൽ മേഘങ്ങള്‍ നിറഞ്ഞ് കറുത്തിരുണ്ട ആകാശമാണ് രാവിലെ മുതല്‍ രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ കനത്ത മഴ പ്രതീക്ഷിച്ച് രാവിലെ വൈകിയാണ് സൂഖ് തുറന്നത്. ചെറിയ ചാറ്റല്‍ മഴ മാത്രം പെയ്ത് മഴഭീതി നീങ്ങിയെങ്കിലും ഏത് സമയത്തും മഴയുണ്ടാകുമെന്ന പ്രതീതി നിലനിന്നിരുന്നു. മഴ ദുര്‍ബലമായി ആകാശം തെളിഞ്ഞതോടെ കച്ചവടക്കാരില്‍ ആശ്വാസമായി. എന്നാല്‍ കാര്യമായ ഉപഭോക്താക്കൾ സൂഖില്‍ എത്തിയതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.